തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് ശബരിമല വിഷയം കാരണമായിട്ടുണ്ടെന്ന് പറയാതെ പറഞ്ഞ ഇടതു നേതാക്കൾ. ശബരിമല വിഷയം ജനങ്ങളെ ശരിയായ രീതിയിൽ ബോധ്യപ്പെടുത്താനായില്ലെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.
എന്നാൽ, യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്തിലാൽ ശബരിമലയ്ക്കായി വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനത്തെയും വിജയരാഘവൻ തള്ളി. അത്തരത്തിൽ നിയമ നിർമാണം നടത്തുമെന്നത് തെറ്റിധാരണാജനകമായ വാഗ്ദാനമാണ്- വിജയരാഘവൻ പറഞ്ഞു.
ഭരണഘടന നൽകുന്ന മൗലിക അവകാശം ലംഘിക്കുന്ന തരത്തിലുള്ള നിയമം സംസ്ഥാന നിയമസഭകൾക്ക് പാസാക്കാനാകില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. നേരത്തെ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ്-ബി നേതാക്കളായ ആർ. ബാലകൃഷ്ണപിള്ള കെ.ബി.ഗണേഷ്കുമാർ തുടങ്ങിയ നേതാക്കളെല്ലാം തന്നെ ശബരിമല തിരിച്ചടിയായെന്ന് പരോക്ഷമായി വ്യക്തമാക്കിയിരുന്നു.
നിരവധി വിഷയങ്ങൾ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്നും അതിലൊന്ന് ഒരുപക്ഷേ, ശബരിമലയാകാമെന്നുമായിരുന്നു കാനത്തിന്റെ വാക്കുകൾ. ശബരിമല വിഷയത്തിൽ വിശ്വാസികൾ തെറ്റിധരിക്കപ്പെട്ടുവെന്നും കാനം പറഞ്ഞിരുന്നു.