മുളങ്കുന്നത്തകാവ്: ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ഈ മഴയക്ക് മുന്പും തീരുമാനമാകില്ല. മഴക്കാല രോഗങ്ങൾ മുന്നിൽ കണ്ട് യാതൊരു മുൻ കരുതലും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാര്യത്തിൽ അധിക്യതരുടെ ഭാഗത്തും നിന്നും ഇതു വരെ ഉണ്ടായിട്ടില്ല. ആശുപത്രി പരിസരത്ത് അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ആശുപത്രിയുടെ നൂറ് മീറ്ററിനുള്ളിൽ കുന്നുകൂടി കിടക്കുകയാണ്.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തിക്കാത്ത കേരളത്തിലെ ഏക ആരോഗ്യ പരിപാലന കേന്ദ്രം ത്യശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഈ “ബഹുമതിക്ക്’ മാറ്റം വരുത്താതെ ഇരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് മെഡിക്കൽ കോളജ് അധിക്യതർ എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും മറ്റു ഇതര മാലിന്യങ്ങളും ആശുപത്രിയക്ക് സമിപത്തുള്ള സഥലങ്ങളിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. എന്നാൽ ദിവസവും നൂറ് ടണ് മാലിന്യമാണ് ഇവിടെ എത്തുന്നത്. ഇവ ഒരു ദിവസം കൊണ്ട് മാത്രം കത്തിച്ച കളയാൻ സാധിക്കാത്തത് മൂലം ദിവസവും മാലിന്യം കൂടുകയാണ്.
ആശുപത്രി വാർഡുകളിൽ മാത്രമായി അറുപത് കിലോ മാലിന്യം ഇടുവാൻ കഴിയുന്ന നൂറോളം ബക്കറ്റുകൾ സഥാപിച്ചിട്ടുണ്ട്. ഈ മാലിന്യങ്ങളും സന്നദ്ധ സംഘടനകൾ ദിവസവും വിതരണം ചെയ്യുന്ന ആയിരകണക്കിന് പൊതിച്ചോറുകളുടെ അവശിഷടങ്ങളും സംസ്കരിക്കാൻ ആവശ്യമായ പദ്ധതി തുടങ്ങുവാൻ ലക്ഷങ്ങൾ ചെലവഴിച്ച് ഷെഡ് നിർമിച്ചുവെങ്കിലും ഇതിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
മഴകനത്താൽ മാലിന്യങ്ങൾ സമിപ പ്രദേശങ്ങളിലെ വീടുകളിൽ എത്തി പകർച്ച വ്യാധികൾക്ക് കാരണമാകും. ഇത്ര ഗുരുതരമായ രോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമാകും. രോഗങ്ങൾ തടയൂ, പരിസരം വ്യത്തിയാക്കി സൂക്ഷിക്കൂവെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നോട്ടീസുകൾ നോക്കി നെടുവീർപ്പിടുകയാണ് ഇവിടെയെത്തുന്നവർ.