മറയൂർ: കാർബൈഡ് ഉപയോഗിച്ചുപഴുപ്പിച്ച 2500 കിലോഗ്രാം മാന്പഴം തമിഴ്നാട്ടിലെ പഴനി, ദിണ്ടിഗൽ മേഖലയിൽ നിന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.
ദിണ്ഡുക്കൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസർ നടരാജനു ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത മാന്പഴം നശിപ്പിച്ചു. ദിണ്ടിഗൽ, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാൽ റോഡ്, അമരാവതി, കല്ലാപുരം എന്നിവിടങ്ങളിൽ വൻതോതിൽ മാങ്ങ കൃഷി ചെയ്യുന്നുണ്ട്. സീസണ് ആരംഭിച്ചതോടെ മൂപ്പെത്താത്ത മാങ്ങ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് കടത്തുകയാണ്.
റംസാൻ കാലമായതിനാൽ പഴവർഗങ്ങൾക്കു ആവശ്യക്കാർ ഏറിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് രാസവസ്തുക്കൾ കലർത്തി പഴവർഗങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും ഗോഡൗണുകളും പൂട്ടുമെന്നും അധികൃതർ അറിയിച്ചു.