ഉപ്പുതറ: എട്ടുവയസുകാരിയെ മർദിച്ച അമ്മയുടെ അറസ്റ്റ് വൈകിയേക്കും. കേസിന്റെ വിശ്വാസ്യതയിൽ സംശയമുള്ളതിനാൽ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കിയ ശേഷമേ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കൂ. കുട്ടിയുടെയും പിതാവിന്റെയും മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്.
അമ്മയും സുഹൃത്തും ചേർന്ന് മർദിച്ച ബാലികയെ ജാമ്യത്തിലിറങ്ങിയ അമ്മ വീണ്ടും മർദിച്ചതായാണ് കേസ്. മർദനമേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അമ്മ കുട്ടിയുടെ പിതാവിന്റെ വീട്ടിലെത്തി മർദിച്ചതായി പറയുന്നത്.
രോഗിയായ പിതാവിനും മർദനമേറ്റതായി കുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പിതാവിനു രോഗം ബാധിച്ചശേഷം മൂന്നുകുട്ടികളുമായി യുവതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അമ്മയുടെ സുഹൃത്തായ ഉപ്പുതറ പത്തേക്കർ സ്വദേശി അനീഷാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്.
ഇയാൾ നിരന്തരം വീട്ടിലെത്തുന്നത് മൂത്തകുട്ടിക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് അനീഷ് കുട്ടിയെ മർദിച്ചത്. ഈ കേസിൽ അമ്മയെയും സുഹൃത്തിനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച ജാമ്യത്തിലിറങ്ങിയ യുവതി ഇളയ കുട്ടികളെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് മൂത്തകുട്ടിയെ വീണ്ടും മർദിച്ചതായി പരാതിയുള്ളത്. എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്ന അമ്മയുടെ മൊഴിയും പിതാവിന്റെയും കുട്ടിയുടെയും മൊഴിയിലെ വൈരുധ്യവും പോലീസിൽ സംശയമുളവാക്കി.
അതുകൊണ്ട് കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കി ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ തുടർനടപടി ഉണ്ടാകൂ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലപീഡന നിരോധന നിയമപ്രകാരം ഉപ്പുതറ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്നു ഡിസ്ചാർജായ ശേഷമേ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കൂവെന്നും ഉപ്പുതറ പോലീസ് അറിയിച്ചു.