പത്തനംതിട്ട: ജില്ലയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡു നേടിയതുമായി ബന്ധപ്പെട്ട് വെട്ടിലായത് പാർട്ടി നേതാക്കൾ. ബിജെപി മുന്നിലെത്തിയ തദ്ദേശസ്ഥാപനങ്ങളിലെ പാർട്ടി ഘടകങ്ങളോടു വിശദീകരണം ആരാഞ്ഞു കഴിഞ്ഞു.
എൽഡിഎഫ് ഭരണത്തിലുള്ള പഞ്ചായത്തുകളിലും പന്തളം നഗരസഭയിലുമാണ് ബിജെപി പ്രധാനമായും ലീഡ് ചെയ്തിരിക്കുന്നത്. അടുത്തവർഷം തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് നടക്കാനാകിരിക്കെ പഞ്ചായത്തുകളിൽ ബിജെപിയുടെ മുന്നേറ്റം തടയാൻ പാർട്ടി ഘടകങ്ങൾക്കു കഴിയാതെ വന്നത് സിപിഎമ്മിൽ സജീവ ചർച്ചാവിഷയമായി.
ശബരിമല വിഷയം ഉന്നയിച്ച് വോട്ടുതേടിയ ബിജെപിക്ക് അനുകൂലമായി എൽഡിഎഫ് നിരയിൽ നിന്നുണ്ടായ വോട്ടുചോർച്ച മനസിലാക്കി തടയാൻ നടപടിയുണ്ടായില്ലെന്നതാണ് പ്രാദേശിക സിപിഎം ഘടകങ്ങൾക്കുമേൽ ഉന്നയിക്കപ്പെടുന്ന ആക്ഷേപം. ഇതിനെ മറികടക്കാനായി പാർട്ടി ഘടകങ്ങളിൽ നേതൃമാറ്റം അടക്കം ആലോചനയിലുണ്ട്. റാന്നി പെരുനാട്ടിൽ ഇതിനു തുടക്കം കുറിച്ചു കഴിഞ്ഞു.കോന്നി നിയോജകമണ്ഡലത്തിലാണ് ബിജെപി കൂടുതൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയത്.
മലയാലപ്പുഴ, കലഞ്ഞൂർ, അരുവാപ്പുലം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലാണ് എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ മുന്നിലെത്തിയത്. ഇതിൽ മലയാലപ്പുഴ, കലഞ്ഞൂർ ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിലാണ്.
കലഞ്ഞൂരിൽ ബിജെപി നേടിയ അധികവോട്ട് പാർട്ടി ഘടകത്തിൽ ചർച്ച ചെയ്തു തുടങ്ങി. കോന്നിയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുണ്ടായ വോട്ടുവർധന നിർണായകമാണെന്നാണ് എൽഡിഎഫിന്റെയും വിലയിരുത്തൽ.അടൂർ നിയമസഭ മണ്ഡലം പരിധിയിൽ ഏറത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തുകളിൽ ബിജെപിയാണ് ലീഡ് ചെയ്തത്. എൽഡിഎഫിന്റെ കോട്ടയെന്നു വിശേഷണമുള്ള പള്ളിക്കൽ പഞ്ചായത്തിൽ ബിജെപി രണ്ടാംസ്ഥാനത്താണ്.
പന്തളം തെക്കേക്കര എൽഡിഎഫ് ഭരണത്തിലാണ്.അടൂർ നിയോജക മണ്ഡലത്തിലെ പന്തളം നഗരസഭയിലും സുരേന്ദ്രൻ ലീഡു ചെയ്തു. എൽഡിഎഫാണ് പന്തളത്തും ഭരണത്തിലുള്ളത്.
തിരുവല്ല നിയോജകമണ്ഡലത്തിൽ കുറ്റൂരിൽ മാത്രമാണ് ബിജെപിക്കു ലീഡ് ചെയ്യാനായത്. ബിജെപി ഭരണമാണ് പഞ്ചായത്തിൽ എന്നാൽ കുന്നന്താനത്ത് രണ്ടാംസ്ഥാനത്തെത്തി. സിപിഎം ഭരിക്കുന്ന കുന്നന്താനത്ത് യുഡിഎഫ് മൂന്നാംസ്ഥാനത്തായി. റാന്നി നിയോജകമണ്ഡലത്തിൽ പെരുനാട്ടിലും അയിരൂരിലുമാണ് ബിജെപി ലീഡ് ചെയ്തത്.
രണ്ടും നിലവിൽ യുഡിഎഫ് പഞ്ചായത്തുകളാണെങ്കിലും എൽഡിഎഫിന് നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളാണ്. പെരുനാട്ടിലെ ബിജെപി ലീഡ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സംഘടനാരംഗത്ത് ചർച്ച ചെയ്യപ്പെടുന്നു. പെരുനാട് ലോക്കൽ സെക്രട്ടറിയെ മാറ്റി പാർട്ടിയിൽ ശുദ്ധികലശം തുടങ്ങിക്കഴിഞ്ഞു.
ആറ·ുളയിൽ ആറ·ുള, കുളനട, നാരങ്ങാനം, ഓമല്ലൂർ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകൾ ബിജെപിക്കൊപ്പമായിരുന്നു. ഇതിൽ കുളനട മാത്രമാണ് ബിജെപി ഭരണത്തിലുള്ളത്. മറ്റ് ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫ് ഭരിക്കുന്നവയാണ്. സിപിഎം നിർണായക സ്വാധീനം നേടിയിട്ടുള്ള ആറ·ുള, ഓമല്ലൂർ, മല്ലപ്പുഴശേരി, നാരങ്ങാനം ഗ്രാമപഞ്ചായത്തുകളിൽ പിന്നിലായത് വരുംദിവസങ്ങളിൽ പാർട്ടി ഘടകങ്ങൾ ആഴത്തിൽ ചർച്ച ചെയ്യും.