സ്വന്തം ലേഖകൻ
കോട്ടയം: ലെത്തീഷ സിവിൽ സർവീസ് പരീക്ഷ എഴുതാനൊരുങ്ങുന്പോൾ കൂട്ടായി അരികിൽ ഒാക്സിജൻ സിലിണ്ടറുണ്ടാകും. പരിമിതികളെ നോക്കി വീൽ ചെയറിലിരുന്നു പുഞ്ചിരിക്കുന്ന എരുമേലിക്കാരി ലെത്തീഷ അൻസാരിയാണ് സിവിൽ സർവീസ് പരീക്ഷ എഴുതാനൊരുങ്ങുന്നത്. പ്രാണവായു എപ്പോഴും കൂടെക്കരുതേണ്ട ലെത്തീഷയ്ക്കു തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാ ഹാളിൽ താത്കാലിക ഓക്സിജൻ സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിക്കൊടുക്കും.
ജൂണ് രണ്ടിന് ലെത്തീഷയെ പരീക്ഷ എഴുതിക്കാനുള്ള ഒരുക്കത്തിലാണു പിതാവ് എരുമേലി പുത്തൻപീടികയിൽ അൻസാരിയും ഭാര്യ ജമീലയും. ഐഎഎസ് നേടുകയെന്ന നിശ്ചയദാർഢ്യത്തിൽ ഒരു വർഷമായി പരിശീലനത്തിലാണ് ഇരുപത്തഞ്ചുകാരിയായ ഈ എംകോംകാരി.
അസ്ഥികൾ പൊടിയുന്ന അപൂർവരോഗം ബാധിച്ച ലെത്തീഷ വെല്ലുവിളികളെ അതിജീവിച്ച് ഉന്നത നിലയിലാണ് സ്കൂൾ, കോളജ് പഠനം പൂർത്തിയാക്കിയത്. തനിയെ ശ്വസിക്കാനാവില്ല. അച്ഛന്റെ ഒക്കത്തേറി സ്കൂളിൽ പോയിത്തുടങ്ങിയ ലെത്തീഷ അറിയപ്പെടുന്ന കലാകാരിയാണ്. നന്നായി പാടും, ചിത്രം വരയ്ക്കും, ഓർഗൻ വായിക്കും. മുറുകെ പിടിച്ചാൽ അസ്ഥികൾ ഒടിയും.
അതിനാൽ ഏറെ സൂക്ഷിച്ചു പിതാവ് അൻസാരി കരുതലോടെ എടുത്താണു മകളെ സ്കൂളിലെത്തിച്ചിരുന്നത്. പ്ലസ്ടു വരെ എരുമേലി സെന്റ് തോമസ് സ്കൂളിലും ബിരുദവും ബിരുദാനന്തരബിരുദവും എരുമേലി എംഇഎസ് കോളജിലും പൂർത്തിയാക്കി. പഠിക്കാൻ എത്തിയിടത്തൊക്കെ ലെത്തീഷയ്ക്കായി പ്രത്യേക ഇരിപ്പിടമൊരുക്കിക്കൊടുത്തു. മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പ്രോത്സാഹനമാണ് എന്നും ലെത്തീഷയുടെ കൈമുതൽ.
എല്ലാ വേദനകളെയും പുഞ്ചിരിയോടെ നോക്കിക്കാണുന്ന ലെത്തീഷയ്ക്ക് ശ്വസനസഹായി കൂടിയേ തീരൂ. ഇതിനായി യാത്രയിൽ സൂക്ഷിക്കാവുന്നതും ഇരിപ്പിടത്തിൽ ബന്ധിപ്പിക്കാവുന്നതുമായ ഒരു ഓക്സിജൻ ബാഗ് തരപ്പെടുത്തിക്കൊടുക്കാമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പുലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ പി.ആർ. സുധീർ ബാബു ഇതിനായി നടപടി ഏർപ്പാടാക്കുകയും ചെയ്തു. എരുമേലി സർവീസ് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയാണു നിലവിൽ ലെത്തീഷ.