വിഴിഞ്ഞം: സ്റ്റേഷനിൽ പോലീസിന്റെ മർദനമേറ്റ് ഇറങ്ങി ഓടിയ പ്രതിയെ പിന്നാലെ ഓടിയെത്തിപിടികൂടാനുള്ള ശ്രമത്തിനിടെ നാടകീയ രംഗങ്ങൾ.
തിരുവല്ലം സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ പാച്ചല്ലൂർ ചുടുകാട് മുടിപ്പുരയ്ക്ക് സമീപം കുളത്തിൻ കരയിൽ അനീഷ് (25)നെ റോഡിൽ നിന്നും പിടികൂടുന്നതിനിടെ അനീഷിന്റെ ഭാര്യയേയും പോലീസ് തൊഴിച്ചതായാണ് പരാതി. ഇവരെ പോലീസ് മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമായി. സംഭവം പുറംലോകം അറിഞ്ഞതോടെ പരസ്യമായി യുവാവിനെ മർദിച്ച പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മർദനത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ എസ്സിപിഒ സൈമൻ, സിപിഒ ഗോപിനാഥ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്തത്. പൊതുനിരത്തിൽ ആളുകളുടെ മുന്നിൽ വച്ച് പ്രതിയെ മർദിച്ചതിന്റെ പേരിലാണ് പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്ന് കമ്മീഷണർ പറഞ്ഞു.
ചോദ്യം ചെയ്യുന്നതിനിടെ ലഹരിയിലായിരുന്ന പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് പോലീസുകാർ ഇയാളെ പിറകെ ഓടി കീഴ്പെടുത്തി പിടികൂടാൻ ശ്രമിച്ചതെന്നും കമ്മീഷണർ പറഞ്ഞു.
ഞായറാഴ്ച്ച ഉണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
ഞായറാഴ്ച സമീപവാസിയായ സ്ത്രീയുടെ വീട്ടിൽ ആയുധവുമായെത്തി സ്ത്രീയെയും രണ്ടു പെണ്കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പ്രതി പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഗോപിനാഥൻ നായരെ തള്ളിയിട്ട ശേഷം ഇറങ്ങി ഓടുകയായിരുന്നു.
പിന്നാലെ എത്തിയ പോലീസ് പ്രതിയെ പിടികൂടി. എന്നാൽ പ്രതിയുടെ ഭാര്യയേയും അമ്മയേയും പോലീസ് മർദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ മറ്റൊരു മാർഗവുമില്ലാതെ പോലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.