കൊടകര: ഈ വർഷത്തെ മികച്ച ഷോർട്ട്ഫിലിമിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കോടാലി സ്വദേശിയായ വി.എം.ബിൻസാദ് സംവിധാനം ചെയ്ത കാലൻപോക്കർ ഒരു ബയോപിക് എന്ന ചിത്രത്തിനു ലഭിച്ചു. 20 മിനിറ്റിനു താഴെ ദൈർഘ്യമുള്ള ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ ഈ ഹ്രസ്വചിത്രം കരസ്ഥമാക്കി.
സിനിമ നാടക പ്രവർത്തകനായ കോടാലി സ്വദേശി വി.എം.ബിൻസാദ് കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ഹ്രസ്വചിത്രമാണ് കാലൻ പോക്കർ. ഇസ്ലാം മതവിശ്വാസികൾ കൂട്ടമായി താമസിക്കുന്ന ഒരുഗ്രാമത്തിലെ പോക്കർ എന്നയാളെ കേന്ദ്രീകരിച്ചുള്ളതാണ് ഇരുപതു മിനിറ്റോളം ദൈർഘ്യമുള്ള ഹ്രസ്വചിത്രം.
നാട്ടിൽ ആരെങ്കിലും മരണപ്പെട്ടാൽ ഈ വിവരം വാഹനത്തിൽ സഞ്ചരിച്ച്് മൈക്കിലൂടെ ജനങ്ങളെ അറിയിക്കുന്നയാളായ പോക്കറിന് കാലൻപോക്കർ എന്നാണ് നാട്ടിൽ പേര്. താൻ മരിക്കുന്പോൾ ആ വിവരം തന്റെ തന്നെ ശബ്ദത്തിൽ നാട്ടുകാരെ അറിയിക്കണമെന്നാഗ്രഹിക്കുന്ന പോക്കർ തന്റെ മരണവാർത്ത മുൻ കൂട്ടി റെക്കോർഡുചെയ്തുവെച്ചശേഷം മരണപ്പെടുന്നതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് ജനങ്ങളെ അറിയിക്കാൻ കഴിയാതെ പോകുകയും ചെയ്യുന്നു. മരണത്തിനെന്ന പോലെ കാലൻപോക്കറിനും മരണമില്ലെന്ന സന്ദേശത്തോടെയാണ് ചിത്രം അവസാനിക്കുന്നത്.
സുനിൽസുഖദയാണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായ കാലൻപോക്കറിനെ അവതരിപ്പിച്ചത്. ചലച്ചിത്ര നാടക രംഗങ്ങളിലെ അനന്തുമുകുന്ദൻ, ഷീന,സോമൻ കൊടകര, പാഡി പ്രഭാകരൻ , ദാസൻ ചാണാശേരി, ബാബു മാനാത്ത് തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കുമാർദാസ് വെട്ടിയാട്ടിൽ നിർമ്മിച്ച ചിത്രത്തിൽ സാദിക് എളമക്കര ഛായാഗ്രഹണവും അജോ ജോസ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2016ൽ ബിൻസാദ് സംവിധാനം ചെയ്ത ബാലൻസ് എന്ന ഹ്രസ്വചിത്രത്തിനും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഏഴോളം സിനിമകളുടെ സഹസംവിധായകനായി പ്രവർത്തി്ച്ചിട്ടുള്ള 42 കാരനായ ബിൻസാദ് പഞ്ചായത്ത് വകുപ്പിൽ ഉദ്യോഗസ്ഥനാണ്. ഫസീലയാണ് ഭാര്യ. മക്കൾ: അസം യാസിൻ,ദിയ നൗറിൻ.