ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവില കയറിത്തുടങ്ങി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാര്യമായ മാറ്റമില്ലാതെ നിന്നിരുന്ന ഇന്ധനവില ഈ മാസം 20 മുതൽ കയറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഒന്പതു ദിവസത്തിനുള്ളിൽ ഇന്ധനവിലയിൽ 70-80 പൈസയുടെ വർധനയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഇന്ധനവില ഉയർന്നുതുടങ്ങിയത്.
ഒന്പത് ദിവസത്തിനിടെ പെട്രോളിന് 83 പൈസയും ഡീസലിന് 73 പൈസയും വർധിച്ചതായി പൊതുമേഖലാ എണ്ണക്കന്പനികളുടെ പട്ടിക സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ കുതിപ്പുണ്ടായ ഏപ്രിൽ, മേയ് മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രമാണിച്ച് വിലയിൽ വലിയ വർധന ഉണ്ടാക്കരുതെന്ന് എണ്ണക്കന്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദേശമുണ്ടായിരുന്നു.
ഇതേത്തുടർന്ന് പൊതുമേഖലാ എണ്ണക്കന്പനികളായ ഇന്ത്യൻ ഓയിൽ കോർപ് (ഐഒസി), ഭാരത് പെട്രോളിയം കോർപ് ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ് (എച്ച്പിസിഎൽ) എണ്ണക്കന്പനികൾ വില പിടിച്ചുനിർത്തി. തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ വില കയറ്റിത്തുടങ്ങുകയും ചെയ്തു. ഇന്നലെ കോട്ടയത്ത് പെട്രോളിന് 74.02 രൂപയും ഡീസലിന് 70.63 രൂപയുമായിരുന്നു വില.