ന്യൂഡൽഹി: പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരേ കൂടുതൽ നേതാക്കൾ രംഗത്ത്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, ഡൽഹി പിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് എന്നിവർകൂടി രംഗത്ത് എത്തി.
രാഹുലിന്റെ രാജി തീരുമാനം ആത്മഹത്യാപരമാണെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും പറഞ്ഞു. രാഹുൽ ബിജെപിയുടെ കെണിയിൽ വീഴരുതെന്നും ലാലു ഒാർമിപ്പിച്ചു. ജനങ്ങളുടെ ഹൃദയത്തിൽ ജയിക്കാൻ സാധിച്ചവനാണ് താങ്കളെന്ന് സ്റ്റാലിൻ രാഹുലിനോട് പറഞ്ഞു.
ടെലിഫോണിൽ രാഹുലുമായി സംസാരിക്കുന്പോഴാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സ്റ്റാലിനെ രാഹുൽ അഭിനന്ദിക്കുകയും ചെയ്തു. രാഹുലിന് പകരം ആളെ കണ്ടെത്തില്ലെന്നും രാജിവയ്ക്കണമെന്ന ആവശ്യം തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്ഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇതിനാൽ നിലവിലെ സംഭവവികാസങ്ങളിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേർത്തു. അതേസമയം, രാഹുൽ ഗാന്ധി രാജിതീരുമാനത്തിൽ ഉറച്ച് മുന്നോട്ട് പോകുകയാണ്.
ഒരു മാസത്തിനകം പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന് രാഹുൽ നിർദേശം നൽകി. മുതിർന്ന നേതാക്കളും പ്രിയങ്ക ഗാന്ധിയും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാൻ ഇനിയില്ല എന്നു തന്നെയാണ് ചൊവ്വാഴ്ചയും രാഹുൽ ആവർത്തിച്ചത്. ശനിയാഴ്ച നടന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം ഇതുവരെ രാഹുൽ എഐസിസി ആസ്ഥാനത്തേക്ക് എത്തിയിട്ടില്ല.
പ്രതീക്ഷ പ്രിയങ്കയിൽ
നിലവിൽ പ്രിയങ്കയ്ക്ക് മാത്രമേ രാഹുലിനെ അനുനയിപ്പിക്കാൻ സാധിക്കൂ എന്ന സാധ്യത മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. തർക്കവിഷയങ്ങൾ സംബന്ധിച്ച ചർച്ചകളെല്ലാം 12 തുഗ്ലക്ക് ലെയിനിലെ രാഹുൽ ഗാന്ധിയുടെ വസതിയിലാണു നടക്കുന്നത്.
ലോക്സഭയിൽ പാർട്ടിയെ താൻ നയിക്കാം എന്നൊരു നിർദേശം രാഹുൽ മുന്നോട്ടു വച്ചതായും വിവരമുണ്ട്. അതിനിടെ കോണ്ഗ്രസിലെ മുതിർന്ന നേതാക്കൾ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്നലെ വൈകുന്നേരം രാഹുലിന്റെ വസതിയിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. വൈകുന്നേരത്തോടെ കെ.സി. വേണുഗോപാലും ഗുലാം നബി ആസാദും കർണാടക വിഷയ പരിഹാരത്തിനായി ഡൽഹി വിട്ടു.
കർണാടകയും രാജസ്ഥാനും മധ്യപ്രദേശും തലവേദനയായി നിൽക്കുന്നതിനിടയിലാണ് രാഹുലിനെ അനുനയിപ്പിക്കാനുള്ള ചുമതല കൂടി നേതാക്കളുടെ മുന്നിലെത്തുന്നത്. തെരഞ്ഞെടുപ്പു നടപടികളുടെ ഭാഗമായി രാഹുൽ ഇന്നലെ പാർലമെന്റിൽ പോയിരുന്നു.