ആലപ്പുഴ: കളിക്കുന്നതിനിടെ വീട്ടു മുറ്റത്തെ കിണറ്റിൽ വീണ രണ്ടരവയസുകാരിയെ സെയിൽസ് എക്സിക്യൂട്ടീവ് രക്ഷപെടുത്തി. തെക്കനാര്യാട് തലവടി കിഴക്ക് അനിഷ്കർ ഫാത്തിമ ദന്പതികളുടെ മകൾ അത്നാസിനെയാണ് ആലപ്പുഴ മെരിഡിയൻ മോട്ടോറിലെ സെയിൽസ് എക്സിക്യൂട്ടീവ് അരുണ്‍ദേവ് രക്ഷിച്ചത്.
ഇന്നെല ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഫാത്തിമ വീടിനകത്തേക്കു പോയസമയത്ത് അത്നാസ് കിണറിന്റെ അടുത്ത് ഇട്ടിരുന്ന കല്ലിൽ കയറി കിണറ്റിലേക്ക് നോക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. വീടിന് പുറത്ത് എത്തിയ ഫാത്തിമ മകളെ നോക്കിയപ്പോൾ കിണറ്റിൽ വീണ് കിടക്കുന്നതാണ് കണ്ടത്.
കരച്ചിൽ കേട്ട അതുവഴി പോകുകയായിരുന്ന അരുണ്‍ദേവ് എത്തി കിണറ്റിൽ നിന്ന് കുട്ടിയെ പുറത്ത് എടുത്തു. ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശിപത്രിയിലേക്ക് മാറ്റി.