തിരുവനന്തപുരം: വ്യാജരേഖ ചമച്ച് കോടതിയിൽ നിന്നും പ്രതികളെ ജാമ്യത്തിൽ ഇറക്കിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ മജിസ്ട്രേട്ട് കോടതി അധികൃതരുടെ പരാതിയെ തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.
കോടതി റിമാൻഡ് ചെയ്ത പ്രതികളെ ജാമ്യത്തിൽ ഇറക്കാൻ വ്യാജരേഖ ചമച്ചുവെന്ന് കോടതി കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി പോലീസിന് നിർദേശം നൽകിയത്. വഞ്ചിയൂർ കോടതിയിൽ സമാനസംഭവങ്ങൾ ഈ അടുത്തകാലത്തായി കൂടി വരുന്നുവെന്ന് പോലീസ് വൃത്തങ്ങളും വ്യക്തമാക്കുന്നു.
അടിപിടി, മോഷണം, അബ്കാരി കേസ് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളെയാണ് വ്യാജരേഖ ചമച്ച് ജാമ്യത്തിൽ ഇറക്കിക്കൊണ്ട് പോകുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഓരോ സംഭവങ്ങളിൽ നിന്നും മനസ്സിലാകുന്നതെന്നും പ്രതികളെ പിടികൂടാൻ കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് പറഞ്ഞു.