സ്വന്തം ലേഖകൻ
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിൽ കുതിരാൻ തുരങ്കത്തിന്റെ പണികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന കരാർ കന്പനിയുടെ വാഗ്ദാനം പാഴ്വാക്കാകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നല്കിയത്. മാസം എട്ടു കഴിഞ്ഞിട്ടും അന്നത്തേതിനേക്കാൾ പണിയൊന്നും പുരോഗമിച്ചില്ല. കാലാവധി തീരാൻ ഇനി ആറു മാസം മാത്രം. കുതിരാൻ തുരങ്കത്തിന്റെ വശങ്ങളും മുകൾഭാഗവും ബലപ്പെടുത്താൻ കേന്ദ്ര വനംവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല.
അനുമതി യഥാസമയം ലഭിക്കുകയും പണി വേഗത്തിലാക്കുകയും ചെയ്തിരുന്നെങ്കിൽ മഴക്കാലത്തിനു മുന്പേ പണി പൂർത്തിയാകുമായിരുന്നു. അടുത്തയാഴ്ച മഴ തുടങ്ങുന്നതോടെ ഈ വഴിക്കുള്ള ഗതാഗതം അവതാളത്തിലാകും. മണിക്കൂറുകളോളം ട്രാഫിക് കുരുക്കുമുണ്ടാകും. മഴക്കാലത്ത് പണികൾ വേണ്ടത്ര പുരോഗമിക്കുകയുമില്ല.
ആറുവരിപ്പാതയുടെ പണി കഴിഞ്ഞ വർഷം ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ ഈയിടെ പ്രഖ്യാപിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവസാനിച്ചിരിക്കേയാണ് ഒരു വർഷത്തിലേറെ സാവകാശം ലഭിച്ചാലേ പണി പൂർത്തിയാകൂവെന്നു കരാർ കന്പനി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത്.
ടാറിടലും തുരങ്ക നിർമാണവും ഉടനേ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഫയൽ ചെയ്ത കേസിലാണു കരാറുകാർ സത്യവാങ്മൂലം സമർപ്പിച്ചത്. കരാറിൽ ഇല്ലാത്ത സർവീസ് റോഡ്, അടിപ്പാത തുടങ്ങിയവ പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം നടത്തുകയും പണി തടസപ്പെടുത്തുകയും ചെയ്തതുമൂലമാണ് തുരങ്കത്തിന്റെ പണി പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
തുരങ്കത്തിന്റെ സമീപ പ്രദേശങ്ങൾ സർക്കാർ ഏറ്റെടുത്തു തരാത്തതാണു ഈ മേഖലയിലെ പണി വൈകാൻ കാരണം. സ്വകാര്യ വ്യക്തിയുടെ ഭൂമിയും പീച്ചി വന്യജീവി സംരക്ഷണകേന്ദ്രത്തനു കീഴിലുള്ള ഭൂമിയും കൈമാറിയിട്ടില്ല. തുരങ്കത്തിൽ അഗ്നിശമന സംവിധാനം ഒരുക്കാൻ വെള്ളം ലഭ്യമാക്കുന്നതിനു കുഴൽ കിണർ കുഴിക്കുന്നതിനു വനംവകുപ്പ് അനുമതി തന്നിട്ടില്ല. തുരങ്കത്തിന്റെ കവാടങ്ങൾ ബലപ്പെടുത്തുന്ന പണികൾക്കും അനുമതി ലഭിച്ചിട്ടില്ല. ഇതെല്ലാം ലഭിച്ചാലേ ഒരു തുരങ്കമെങ്കിലും ഗതാഗതത്തിനു തുറന്നു കൊടുക്കാനാകൂ.
തുരങ്കത്തിന്റെ ഇരുവശത്തമുള്ള പ്രവേശന കവാടങ്ങൾക്കു മുകളിൽ അപകടകരമായി നിലകൊള്ളുന്ന മണ്ണു നീക്കണമെന്ന് മുൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിനുള്ള അനുമതിയും വനംവകുപ്പ് തന്നിട്ടില്ല. ഡ്രൈവർമാർക്കു വിശ്രമിക്കാൻ ട്രക്കുകൾക്ക് നിർത്തിയിടുന്നതിനുള്ള പാർക്കിംഗ് ഏരിയയും സജ്ജമാക്കിയിട്ടില്ല. സർവീസ് റോഡിനുള്ള 5.7 കിലോമീറ്റർ സ്ഥലവും ഏറ്റെടുത്തു തന്നിട്ടില്ലെന്നും രേഖയിൽ ചൂണ്ടിക്കാട്ടിയിരുന്നു.