ചിറ്റൂർ: തമിഴ്നാടിനോട് ചേർന്നുള്ള കിഴക്കൻ താലൂക്കുകളിലൂടെ വർധിക്കുന്ന കഞ്ചാവ് കടത്തുതടയാൻ സമഗ്ര പ്രതിരോധനടപടി വേണമെന്ന ജനകീയാവശ്യം ശക്തമായി. കള്ളക്കടത്തുകാർക്ക് കഞ്ചാവ് എത്തിച്ചു നല്കാൻ പൊള്ളാച്ചി കേന്ദ്രീകരിച്ച് മാഫിയാസംഘം തന്നെ രൂപപ്പെട്ടിരിക്കുകയാണ്.തമിഴ്നാട്ടിൽ കഞ്ചാവ് നിരോധനം നിലവിലുണ്ടെങ്കിലും ഇതു ഫലപ്രദമായി തടയാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തുനിയാത്തതാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്താൻ സഹായകമായിരിക്കുന്നത്.
കഞ്ചാവ് വില്പന പതിവാക്കിയ നൂറുക്കണക്കിനു യുവാക്കൾ പടിഞ്ഞാറൻ ജില്ലകളിൽനിന്നും പൊള്ളാച്ചിയിൽ എത്താറുണ്ട്. ഇവരെക്കുറിച്ച് തമിഴ്നാട് എക്സൈസിന് വിവരങ്ങൾ ലഭിക്കാറുണ്ടെങ്കിൽ പിടികൂടാൻ തുനിയുന്നുമില്ല.
ചിറ്റൂർ, കൊല്ലങ്കോട് റേഞ്ച് ഓഫീസുകൾക്ക് സർക്കിൾ ഓഫീസ് അധികൃതർ കഞ്ചാവു കടത്തു പരിശോധന നടത്താറുണ്ടെങ്കിലും ഉദ്ദേശലക്ഷ്യം കാണുന്നില്ല. ഒരാഴ്ചയിൽ ഒന്നോ രണ്ടോ തവണകൾ മാത്രമാണ് കഞ്ചാവ് കടത്തു പിടിക്കുന്നത്.തൃശൂർ, പൊള്ളാച്ചി ദീർഘദൂര ബസുകളും ചെറിയ വാഹനങ്ങളും മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
എന്നാൽ പഴനിയിൽ നിന്നും പൊള്ളാച്ചിവഴി പാലക്കാട് ദീർഘദൂര ട്രെയിനുകളിലും കഞ്ചാവ് ലോബികളുടെ കൈയാങ്കളി മുറുകുകയാണ്. ട്രെയിനുകളിൽ കള്ളക്കടത്തു പരിശോധന തീരെ കുറവെന്നതാണ് ഈ മാർഗം സജീവമാകുന്നത്. സംസ്ഥാനത്ത് യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി വിപണം വ്യാപിക്കുന്പോഴും ഇതിനെതിരേ സർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുനിയുന്നില്ലെന്നതാണ് സ്ഥിതിഗതികൾ സാക്ഷ്യപ്പെടുത്തുന്നത്.
കഴിഞ്ഞവർഷം പുതുനഗരം വിരിഞ്ഞിപ്പാടത്ത് സ്കൂൾ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.സമീപത്തായി മർദനത്തിലേറ്റ പരിക്കുകളോടെ അബോധവസ്ഥയിൽ കണ്ടെത്തിയിരുന്നു. ഈ കേസ് ആർജവത്തോടെ അന്വേഷണം ആരംഭിച്ച പോലീസ് നടപടികൾ ഇപ്പോഴും ആരംഭദിശയിൽ തന്നെ വഴിമുട്ടി നില്ക്കുകയാണ്. ജില്ലയിലെ കഞ്ചാവ് മാഫിയാ സംഘത്തിന്റെ ഇടപെടലാണ് വിദ്യാർ ത്ഥിയുടെ മരണം ഇഴയുന്നതിനു പിന്നിലെന്നും ജനം സംശയം പ്രകടിപിക്കുന്നു.
ചിറ്റൂർ, തത്തമംഗലം, നഗരസഭ, കൊഴിഞ്ഞാന്പാറ, എരുത്തേന്പതി, മുതലമട, പട്ടഞ്ചേരി, കൊല്ലങ്കോട്, പെരുമാട്ടി, പെരുവെന്പ് ഉൾപ്പെടെ മിക്ക പഞ്ചായത്ത് പ്രദേശങ്ങളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കു സമീപങ്ങളിലും വൻതോതിൽ ലഹരി വസ്തുവില്പന നിർബാധം നടന്നു വരുന്നു. തത്തമംഗലം ബസ് സ്റ്റാൻഡ് വൈകുന്നേരമാകുന്നതോടെ കഞ്ചാവ് വില്പനക്കാരുടെ വിപണനകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഇക്കാരണം വൈകുന്നേരമാകുന്നതോടെ യാത്രക്കാർ സ്റ്റാൻഡിന് മുൻഭാഗത്താണ് ബസ് കാത്തുനില്ക്കുന്നത്. നഗരസഭ ചെയർമാൻ തന്നെ പലതവണ കഞ്ചാവ് വില്പനക്കാരെ പിടികൂടാൻ എക്സൈസ് സഹായം ആവശ്യപ്പെട്ടിരുന്നു.
ജൂണിൽ സ്കുളുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ലഹരി വില്പനക്കാരും സാമൂഹ്യവിരുദ്ധ പ്രവർത്തന മേഖല ശക്തമാക്കും.
എക്സൈസ്, പോലീസ്, വനംവകുപ്പ് മറ്റും സേവനസംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ, ജനങ്ങൾ വിദ്യാഭ്യാസ സ്ഥാപനമേധാവികൾ എന്നിവരെ ഉൾപ്പെടുത്തി കഞ്ചാവു കടത്തും വിപണനവും തടയാൻ സർക്കാർ മുന്നോട്ടുവരണമെന്നതും പൊതുജന അടിയന്തരാവശ്യമായിരിക്കുകയാണ്.