കോട്ടയം: കേരളാ കോണ്‍ഗ്രസ്-എമ്മിൽ നിയമസഭാകക്ഷി നേതാവിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകവെ മോൻസ് ജോസഫ് എംഎൽഎ വിദേശത്തേക്ക് പോയി. അഞ്ചു ദിവസത്തെ ന്യൂസിലൻഡ് സന്ദർശനത്തിനായാണ് അദ്ദേഹം പുറപ്പെട്ടത്. ഇതോടെ കേരളാ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഉടൻ നടക്കില്ലെന്ന അവസ്ഥയിലാണ്. നേരത്തേ, ജൂണ്‍ ഒന്‍പതിനകം പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു സ്പീക്കറുടെ നിർദേശം.
കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച മുന്‍നിരയിലെ സീറ്റ് നിയമസഭാകക്ഷി ഉപനേതാവായ പി.ജെ. ജോസഫിന് നല്‍കണം എന്ന് കാണിച്ച് മോന്‍സ് ജോസഫ് സ്പീക്കർക്ക് നല്കിയ കത്തിനെതിരെ ജോസ് കെ. മാണി വിഭാഗം രംഗത്തെത്തിയിരുന്നു.
കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്റെ അധ്യക്ഷതയിലാവണമെന്നും അതിനാല്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുക്കാനും അതിന് ശേഷം നിയമസഭാ കക്ഷിനേതാവിനെ കണ്ടെത്താനും സാവകാശം അനുവദിക്കണം എന്നു കാണിച്ച് റോഷി അഗസ്റ്റിന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജൂൺ ഒമ്പതിന് മുൻപായി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ പാർട്ടിക്ക് കത്ത് നൽകിയത്.