തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ. പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനങ്ങളെന്ന് സുധീരൻ പറഞ്ഞു.
സിപിഎം വിട്ട് കോൺഗ്രസിലേക്കെത്തിയ അബ്ദുള്ളക്കുട്ടിയെ തിടുക്കപ്പെട്ട് എംഎൽഎയാക്കിയതിൽ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നും സുധീരൻ പറഞ്ഞു.
വികസന പദ്ധതികളാണ് മോദിക്ക് ജയം സമ്മാനിച്ചതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന് നല്കിയതും ശൗചാലയങ്ങൾ നിര്‍മിച്ച് നല്കിയതുമൊക്കെ വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തിരുന്നു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാകുമോ, പാര്‍ട്ടി വിടുമോയെന്നെല്ലാമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ അബ്ദുള്ളക്കുട്ടി ഒഴിഞ്ഞ് മാറുകയും ചെയ്തിരുന്നു.