അടൂർ: രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് ചുക്കുകാപ്പി വിതരണവുമായി അടൂർ ജനമൈത്രി പോലീസും സമിതിയും യൂത്ത് ക്ലബും. രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് പോലീസ് ഇത്തരം നടപടികളുമായി മുന്നിട്ടിറങ്ങിയത്. എംസി റോഡിൽ നെല്ലിമൂട്ടിൽപടിയിലാണ് ഇപ്പോൾ രാത്രി 11 മുതൽ കാപ്പി വിതരണം ചെയ്യുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന റോഡുകളിലൊന്നാണ് എംസി റോഡ്. രാത്രി കാലങ്ങളിൽ ദീർഘദൂര യാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങി വാഹനാപകടങ്ങൾ ഉണ്ടാകുന്നത് പതിവായി. രണ്ടു വർഷമായി മണ്ഡലകാലത്ത് അടൂർ ജനമൈത്രി പോലീസും സമിതിയും ചുക്കുകാപ്പി വിതരണം നടത്തിയിരുന്നു. ഇത് അപകടങ്ങൾ കുറയ്ക്കുന്നതിന് ഒരു പരിധി വരെ സാധിച്ചു.
കഴിഞ്ഞ ദിവസം മണക്കാല അരോമ റെസിഡൻസിയുടെ സഹായത്തോടെയാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്.
ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം അടൂർ ഡിവൈഎസ്പി കെ.എ. തോമസ് നിർവഹിച്ചു. ജനമൈത്രി സമിതിയംഗം കെ.ജി.വാസുദേവൻ അധ്യക്ഷത വഹിച്ചു. സിഐ സുധിലാൽ, എസ്ഐ ഹേമന്ദ് കുമാർ, സമിതിയംഗങ്ങളായ കോടിയാട്ട് രാമചന്ദ്രൻ, ഹർഷകുമാർ, പ്രദീപ്, പ്രശാന്ത്, ബെന്നി രാജൻ, ജോർജ് തോമസ്, ബൈജു എന്നിവർ പ്രസംഗിച്ചു.