സ്വന്തം ലേഖകൻ
തൃശൂർ: പുന്നയൂർക്കുളത്തെ നീർമാതളം ആ സ്നേഹസ്പർശമേൽക്കാൻ കൊതിയോടെ കാത്തിരിക്കുകയാണ്…പത്തുവർഷമായിട്ട്…ഇനിയൊരിക്കലും ആ നീർമാതളച്ചുവട്ടിലേക്ക് വാക്കിലും നോക്കിലും സ്നേഹം നിറച്ച് ആമി വരില്ലെന്നറിയാതെ..
മാധവിക്കുട്ടിയായും ആമിയായും പിന്നെ കാലത്തിന്റെ മഹാപ്രവാഹത്തിലെപ്പഴോ കമലാ സുരയ്യയായും മാറി ഈ നീർമാതച്ചുവട്ടിലെത്തിയിരുന്ന ആ സ്നേഹസുഗന്ധം പത്തുവർഷമായി ഏൽക്കാതിതിരുന്നതിന്റെ വാട്ടമുണ്ട് ഇപ്പോൾ ഈ നീർമാതളത്തിന്… ഇടയ്ക്ക് പൂവിടുമെങ്കിലും പഴയ പ്രൗഢിയും ഭംഗിയും ഇന്ന് നീർമാതളത്തിനില്ല. അതിനി ഉണ്ടാവുകയുമില്ല…അത്രമേൽ പ്രണയവാത്സല്യത്തോടെ ഈ നീർമാതളത്തെ ഹൃത്തോടു ചേർത്ത ആമിയെ കാണാതെ എങ്ങിനെ നീർമാതളം പഴയ ഭംഗിയോടെ പൂക്കും….
ഓർമകളുടെ സുഗന്ധമാണ് നീർമാതളത്തിനിപ്പോൾ…ആമിയെന്ന ഓർമകളുടെ സുഗന്ധം…
അവസാനമായി കൊൽക്കൊത്തയിലേക്ക് പോകും മുന്പ് കമലസുരയ്യയായി ആമി നീർമാതളച്ചുവട്ടിൽ വന്നിരുന്നു…ഒരു പക്ഷിയായി വീണ്ടുമൊരിക്കൽ കൂടി ഈ നീർമാതളഭൂവിലേക്ക് പറന്നെത്താൻ ആഗ്രഹം പ്രകടിപ്പിച്ച്….അങ്ങിനെ പറന്നെത്തുമെന്ന് പറഞ്ഞാണ് അന്ന് അവർ കൊൽക്കൊത്തയിലേക്ക് യാത്രയായത്…
പിന്നീടൊരിക്കലും അവർ നീർമാതളച്ചുവട്ടിലേക്ക് വന്നില്ല… എഴുത്തുകാരുടെ, എഴുതിത്തുടങ്ങുന്നവരുടെ, എഴുത്തിനെ സ്നേഹിക്കുന്നവരുടെ ഒരു തീർഥാടന കേന്ദ്രമാണ് നീർമാതള ഭൂമി. മാധവിക്കുട്ടി എഴുതിവച്ച അക്ഷരങ്ങളിലൂടെ മാത്രം നീർമാതളത്തെ അറിഞ്ഞവർ അതിനെ നേരിട്ട് കാണാൻ ഇപ്പോഴും ഇവിടെയെത്തുന്നു…
ബാല്യകാലത്ത് മാധവിക്കുട്ടി ഓടിനടന്ന പുന്നയൂർക്കുളത്തെ നീർമാതള ഭൂവിലെ മണ്ണിൽ അവർ ആദരവോടെ തൊട്ടുനമിക്കുന്നു.
പത്തുവർഷമായി മാധവിക്കുട്ടി നമ്മോടൊപ്പമില്ലെങ്കിലും അവരെ നമ്മൾ വായിച്ചുകൊണ്ടേയിരിക്കുകയാണ്…പഠിച്ചുകൊണ്ടേയിരിക്കുകയാണ്…പലതരത്തിൽ വ്യാഖ്യാനിച്ചുകൊണ്ടേയിരിക്കുകയാണ്…..മാധവിക്കുട്ടി മരണശേഷവും ജീവിക്കുന്നു എന്നും പറയാം…
സദൃശ്യ സാന്നിധ്യമായി ആമി നമുക്കൊപ്പമില്ലന്നേയുള്ളു…അദൃശ്യസാന്നിധ്യമായ്…നീർമാതളത്തിന്റെ ചില്ലകളിലേക്ക് പറന്നെത്തുന്ന ആ പേരറിയാ പക്ഷികളിലൊന്ന് ആമി തന്നെയല്ലേ….കമല തന്നെയല്ലേ….