കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന ചരസ് കടത്തിയ കേസിലെ പ്രതി എക്സൈസ് കസ്റ്റഡിയിൽ. പുതുവൈപ്പ് ആലുവ പറന്പിൽ വർഗീസ് ജുഡ്സ (52) നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂണ് ഒന്നുവരെയാണ് എക്സൈസ് കസ്റ്റഡിയിൽ വിട്ടത്.
കേസിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും കൊച്ചിയിൽ ഇതിന്റെ വിതരണ കേന്ദ്രങ്ങളെക്കുറിച്ചും വിവരം ലഭിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എക്സൈസിന്റെ വാദം പരിഗണിച്ചാണു കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും.
കൂടാതെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇയാളുടെ പക്കലിൽനിന്നും ലഹരി വാങ്ങുന്നവർ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായാണ് കൂടുതൽ ചോദ്യം ചെയ്യുക.6.524 കിലോ ചരസാണ് ഇയാളുടെ കൈയിൽനിന്നും എക്സൈസ് പിടികൂടിയിരുന്നത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽനിന്നും ചരസ് എത്തിച്ചിരുന്ന പ്രതിയെ എക്സൈസ് സംഘത്തിലൊരാൾ ആവശ്യക്കാരനാണെന്ന വ്യാജേന ബന്ധപ്പെട്ടാണ് കുടുക്കിയിരുന്നത്. ഏറ്റവും മുന്തിയ ഇനം ചരസാണ് കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. റോഡ് മാർഗം വാഹനംസ്വയം ഓടിച്ചാണ് നേപ്പാളിൽ നിന്നു ചരസ് കൊണ്ടുവന്നിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ എത്തിച്ചശേഷം മയക്കുമരുന്ന് റെന്റ് വാഹനങ്ങൾ വഴി ആവശ്യക്കാരിലേക്കെത്തിക്കുകയായിരുന്നു രീതി. കഴിഞ്ഞ 22ന് ഉച്ചയ്ക്കു കണ്ടെയ്നർ റോഡിൽ മൂലന്പിള്ളിക്കടുത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതി തോക്ക് ചൂണ്ടിയെങ്കിലും എക്സൈസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. ചോക്ലേറ്റിന്റെ രൂപത്തിൽ പായ്ക്കു ചെയ്ത 6.5 കിലോഗ്രാം ചരസും വിദേശനിർമിത തോക്കും എട്ടു തിരകളും കാറും പിടിച്ചെടുത്തിരുന്നു.