കോഴിക്കോട് : എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിന് ‘ഹാന്‍ഡ് വാഷ് ഡ്രൈവ്’ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ആരോഗ്യജാഗ്രതാപദ്ധതിയുടെ ഭാഗമായി കൈകളുടെ വൃത്തി ഉറപ്പാക്കി വ്യക്തിശുചിത്വം പാലിച്ച് രോഗങ്ങളെ അകറ്റാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായാണ് ആരോഗ്യവകുപ്പ് ഹാന്‍ഡ് വാഷ് ഡ്രൈവ് നടപ്പാക്കുന്നത്. കാമ്പയിന് ആരംഭിച്ച് ഇതിനകം തന്നെ ജില്ലയിലെ 6.7 ലക്ഷം വീടുകള്‍ ആരോഗ്യവകുപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികളിലും പരിശോധന നടത്തിയിരുന്നു.
എലിപ്പനിയും എച്ച്വണ് എന്‍വണും, മഞ്ഞപ്പിത്തവുമെല്ലാം ജില്ലയില്‍ വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മഴക്കാലമാവുമ്പോഴേക്കും പകര്‍ച്ച വ്യാധികള്‍ പടരുന്നത് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനു മുമ്പ് തന്നെ ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഹാന്‍ഡ് വാഷ് ഡ്രൈവ് ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചത്. “കൈ കഴുകല്‍’ ശീലമാക്കി രോഗങ്ങളെ ഒരു പരിധിവരെ അകറ്റുന്നതിനുള്ള ആഹ്വാനമാണ് ഹാന്‍ഡ് വാഷ് ഡ്രൈവ് വഴി ആരോഗ്യവകുപ്പ് മുന്നോട്ട് വയ്ക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും, പുറത്ത് പോയി വരുമ്പോഴും, ബാത്ത്റൂം ഉപയോഗത്തിന് ശേഷവുമെല്ലാം കൈ കഴുകി ശുചിത്വം ഉറപ്പാക്കാനും തൂവാല ഉപയോഗപ്പെടുത്താനുമാണ് നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങള്‍, ഹരിതസേനാംഗങ്ങള് , ശുചിത്വമിഷന്, ഹരിതകേരള മിഷന് , കുടുംബശ്രീ പ്രവര്‍ത്തകര്‍ , ആശാ വര്‍ക്കര്‍മാര്‍ , ആരോഗ്യപ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ ശുചീകരണ ക്യാമ്പയിനുകളും പകര്‍ച്ചവ്യാധി പ്രതിരോധ ചലഞ്ചുമെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആശുപത്രികളിലുള്ളവര്‍ ഹാന്‍ഡ് വാഷ്, ഹാന്‍ഡ് റബ്ബ്, മാസ്ക്, ഗ്ലൗസ്, ശുചീകരണ സംവിധാനം എന്നിവ കാര്യക്ഷമതയോടെ ഉറപ്പുവരുത്താന്‍ നിര്‍ദേശവും നല്കി. കഴിഞ്ഞവര്‍ഷം 161 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 84 പേര് രോഗബാധിതരായി. രോഗം ബാധിച്ച് നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഈവര്‍ഷം മെയ് ഒന്നിനകം ഒമ്പത് പേര്‍ക്ക് ഡെങ്കിപ്പനിയും, 16 പേര്‍ക്ക് മലേറിയയും, 13 പേര്‍ക്ക് എലിപ്പനിയും, 32 പേര്‍ക്ക് മഞ്ഞപ്പിത്തവും ആറുപേര്‍ക്ക് ടൈഫോയ്ഡും ബാധിച്ചിട്ടുണ്ട്. പ്രതിദിനം 200 ഓളം പേര് അതിസാരത്തിന് ചികിത്സ തേടുന്നുണ്ട്.