കുറവിലങ്ങാട്: ആയിരങ്ങൾക്ക് സുരക്ഷിതയാത്രയൊരുക്കി മൂന്ന് പതിറ്റാണ്ട് കെഎസ്ആർടിസിയെ സേവിച്ച മാധവൻ നായർക്ക് നീതി നൽകാൻ പോലീസിന് അയിത്തം. 10 ദിവസത്തെ ചികിത്സയ്ക്കിടെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പറഞ്ഞിട്ടും ഇന്റിമേഷനില്ലെന്ന പേരിൽ കേസെടുക്കാതിരുന്ന പോലീസ് ഒടുവിൽ നടപടി ആരംഭിച്ചത് മാധവൻനായരുടെ മരണത്തോടെ മാത്രം.
സഹയാത്രക്കാരിക്ക് സീറ്റ് നൽകാനായി സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പരുക്കേറ്റാണ് കെഎസ്ആർടിസി ഡ്രൈവറായിരുന്ന കളത്തൂർ കുഴികണ്ടത്തിൽ കെ.ആർ. മാധവൻ നായർ മരിച്ചത്. ഡോർ ചെക്കറില്ലാതിരുന്നത് മൂലം ഡോർ തുറന്ന് കെട്ടിവച്ച നിലയിലായിരുന്നു. ഈ അനാസ്ഥയാണ് നിരത്തിൽ ഒരു ജീവൻ പൊലിയാൻ ഇടയാക്കിയത്. അടപ്പില്ലാത്ത വാതിലുകളുമായി ബസ് യാത്ര നടത്തരുതെന്ന കർശന നിയമം നിലനിൽക്കെയാണ് ഈ അപകടമുണ്ടായത്.
കഴിഞ്ഞ ഇരുപതിനായിരുന്നു അപകടം. അപകടത്തെതുടർന്ന് മാധവൻ നായരുടെ മരുമകൻ പ്രസാദ് പലതവണ പോലീസ് സ്റ്റേഷനിലെത്തി അപകടവിവരം അറിയിക്കുകയും നിയമനടപടികൾ ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന് ഇന്റിമേഷൻ എത്തണമെന്ന മറുപടിയായിരുന്നു ലഭിച്ചത്. പത്ത് ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ മാധവൻനായർ മരിച്ചതോടെ ബന്ധുക്കളുടെ മൊഴിയെടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു.
പോലീസിന്റെ നിലപാടിനെതിരെ നിയമനടപടികൾക്ക് നീക്കം നടത്തുകയാണ് ബന്ധുക്കൾ. പിറവം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ കുറവിലങ്ങാട് നിന്ന് വീട്ടിലേക്ക് പോകവേ കളത്തൂർ കണിയോടി ജംഗ്ഷന് സമീപമാണ് അപകടം. ഈ ജംഗ്ഷന് സമീപമുള്ള പുളിഞ്ചുവട് ജംഗ്ഷനിലായിരുന്നു മാധവൻ നായർക്ക് ഇറങ്ങേണ്ടിയിരുന്നത്.
കണിയോടി സ്റ്റോപ്പിന് ശേഷം വഴിയിൽ നിന്ന് കയറിയ യാത്രക്കാരിയ്ക്കായി സീറ്റ് വിട്ടുനൽകനായി മാധവൻനായർ സീറ്റിൽ നിന്ന് എഴുന്നേറ്റു. ഇതിനിടയിൽ തുറന്ന് കെട്ടിവെച്ച പിൻ വാതിലിലൂടെ മാധവൻ നായർ തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് അപകടത്തിനിടയാക്കിയ ബസിൽ കളത്തൂരിലെത്തിച്ച് ഓട്ടോറിക്ഷയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.