കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി. കേസിൽ ആരോപണവിധേയനായ അഡ്വ. എം. ബിജുവാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിലെ (ഡിആർഐ) ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യം തേടി ബിജു സമർപ്പിച്ച ഹർജിയെ ഡിആർഐ ശക്തമായി എതിർത്തതിനെ തുടർന്ന് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് ബിജു ഹൈക്കോടതിയെ അറിയിച്ചു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. മേയ് 13നു ദുബായിൽനിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽനിന്ന് 8.17 കോടി രൂപ വിലവരുന്ന 25 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു.
അഡ്വ. ബിജുവാണ് തന്നെ കള്ളക്കടത്തു റാക്കറ്റിനു പരിചയപ്പെടുത്തിയതെന്നു സെറീനയുടെ മൊഴിയിൽ പറയുന്നു. ഏഴെട്ടു പ്രാവശ്യമായി 50 കിലോഗ്രാം സ്വർണം കടത്തിയെന്നും അഡ്വ. ബിജു, ഭാര്യ വിനീത, ഷാജി സത്താർ, ചിത്ര, ഉമാദേവി, സിന്ധു, അബൂബക്കർ, പ്രകാശൻ തന്പി, സംഗീത, വിഷ്ണു സോമസുന്ദരം, ജിത്തുവെന്ന ആകാശ് ഷാജി എന്നിവർ സ്വർണം കടത്തിയിട്ടുണ്ടെന്നും സെറീന വെളിപ്പെടുത്തിയിരുന്നു.