ന്യൂഡൽഹി: കേരളത്തിൽ മോദി തരംഗം ഉണ്ടാകാത്തത് എന്തെന്ന് വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികൾക്ക് ധാരണയില്ലാത്തതാവാം ഇതിനു കാരണമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഒരു ചാനലിനോടു പ്രതികരിക്കവെ മുരളീധരൻ പറഞ്ഞു.
എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അടുത്തകാലത്ത് എതിർ സ്ഥാനാർഥിയെ വധിക്കാൻ വരെ ശ്രമം നടന്നെന്നും സിപിഎം ഈ ശൈലി അവസാനിപ്പിച്ചാൽ മാത്രമേ കൊലപാത രാഷ്ട്രീയത്തിന് അറുതി ഉണ്ടാവൂ എന്നും മന്ത്രി ആരോപിച്ചു.
ശബരിമല വിഷയം കൂടുതൽ വോട്ടുകൾ നൽകി. എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ അതുമാത്രം പോരായിരുന്നു. കേരളത്തിൽ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകർഷിക്കാൻ കഴിയേണ്ടതുണ്ടെന്നും മുരളീധരൻ പറഞ്ഞു.