ആലുവ: എടയാറിൽ ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വർണ ഉരുപ്പടികൾ കവർന്ന കേസിന്റെ അന്വേഷണം പുരോഗമിക്കുന്പോഴും തൊണ്ടിമുതലുകൾ കണ്ടെത്താനാകാതെ പോലീസ്. പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന കേസിലെ അഞ്ച് പ്രധാന പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തുവരികയാണെങ്കിലും മോഷ്ടിച്ച സ്വർണ സംബന്ധിച്ച് യാതൊരുസൂചനകളുമില്ല. പരസ്പരസവിരുദ്ധമായ മൊഴികൾ നല്കി പ്രതികൾ അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്.
മെയ് ഒന്പതിന് എടയാറിലെ സിജിആർ എന്ന സ്വർണ ശുദ്ധീകരണശാലയിലേയ്ക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം സ്ഥാപനത്തിന്റെ മുന്നിൽ കാർ തടഞ്ഞ് കവർച്ച നടത്തുകയായിരുന്നു. ഇടുക്കി മുരിക്കാശേരി സ്വദേശി സതീഷ്, തൊടുപുഴ സ്വദേശി റാഷിദ് എന്നിവരാണ് ബൈക്കിലെത്തി കവർച്ച നടത്തിയത്. സംഭവസമയം കാറിലുണ്ടായിരുന്ന നാല് സാക്ഷികളും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മറ്റു പ്രതികളായ നസീബ്, സനീഷ്, ബിബിൻ എന്നിവരുടെ സഹായത്തോടെയായിരുന്നു കവർച്ച. പ്രതികളെ കവർച്ച നടന്ന എടയാറിലെ കന്പനിയിലും കളമശേരിയിലുമെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതികളോടൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത ഇടുക്കി സ്വദേശി ബിബിന്റെ അറസ്റ്റാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൂന്നാറിലെ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുപ്രതികൾ പിടിയിലാവുകയായിരുന്നു.
ആയുധസജ്ജരായി കഴിഞ്ഞിരുന്ന ഇവരെ മൽപ്പിടുത്തത്തോടെയാണ് പോലീസ് കീഴടക്കിയത്. ഇവരുടെ ചോദ്യം ചെയ്യൽ തുടരുന്നുണ്ടെങ്കിലും സ്വർണത്തെക്കുറിച്ച് യാതൊരു തുന്പും ലഭിച്ചില്ല. മൂന്നാറിൽ കുഴിച്ചിട്ടെന്നായിരുന്നു ആദ്യ മൊഴിയെങ്കിൽ പിന്നീട് സ്വർണം തൊടുപുഴയിൽ ഒളിപ്പിച്ചുവെന്നാക്കി മാറ്റി. കവർച്ചയുടെ സൂത്രധാരൻ സതീഷിന്റെ അറിവോടെയാണ് സ്വർണം ഒളിപ്പിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്.
റൂറൽ എഎസ്പി എം. ജെ. സോജൻ, ആലുവ ഡിവൈഎസ്പി കെ.എ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ ആലുവ സിഐ എ.എൻ. സലീഷ, ബിനാനിപുരം എസ്ഐ അനൂപ് സി. നായർ, കുന്നത്തുനാട് എസ്ഐ പി.എ. ഷെമീർഖാൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.