തൃശൂർ: ആകാശവാണിയിൽ ഇന്ന് അവസാനത്തെ അനൗണ്‍സ്മെന്റ് നടത്തി മൈക്ക് ഓഫ് ചെയ്യുന്പോൾ എന്തായിരിക്കും സുഷമയുടെ മനസിൽ…നാലു പതിറ്റാണ്ട് കാലമായി അനൗണ്‍സറായും വാർത്തകൾ വായിക്കുന്ന ന്യൂസ് റീഡറായും മലയാളി റേഡിയോ ആസ്വാദകരുടെ മനസിൽ പതിഞ്ഞ ആ ശബ്ദം ഇന്നുകൂടി മാത്രമേ ആകാശവാണിയിലൂടെ കേൾക്കാനാകൂ…
അതെ..വാർത്തകൾ വായിക്കുന്നത് സുഷമ എന്ന ആ ശബ്ദം ഇന്ന് ആകാശവാണിയുടെ പടിയിറങ്ങുകയാണ്.മലയാളിക്ക് ഏറെ പരിചിതമായ റേഡിയോ അവതരാകരിൽ പ്രധാനിയാണ് സുഷമ.വടിവൊത്ത അക്ഷരങ്ങളിൽ എഴുതും പോലെയാണ് സുഷമ വാർത്ത വായിച്ചിരുന്നത്. കേൾക്കുന്നവർക്ക് ഒരു ആശയക്കുഴപ്പവും അവ്യക്തതയും ഇല്ലാത്ത വിധം സുഷമ വാർത്ത അവതരിപ്പിച്ചു. വാർത്തയുടെ മൂഡിനനുസരിച്ച് മോഡുലേഷനുകൾ കൃത്യമായി നൽകി സുഷമ വാർത്തകൾക്ക് നൽകിയ സുഷമ ടച്ച് ഏറെ മനോഹരമായിരുന്നു.
മലയാളത്തിന്റെ ഏറ്റവും നല്ല ഉച്ചാരണം കേൾക്കാൻ സുഷമയുടെ വാർത്ത കേട്ടാൽ മതിയെന്ന് പലരും പറയാറുണ്ട്. പദശുദ്ധിയും വ്യക്തതയും സുഷമയുടെ അനൗണ്സ്മെന്റുകളേയും വാർത്താ അവതരണത്തേയും ഹൃദ്യമായ അനുഭവമാക്കി മാറ്റിയിരുന്നു. ഭാഷയെ സ്നേഹിച്ചാൽ ഭാഷാശുദ്ധി താനെ കൈവരുമെന്ന് സുഷമ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇത്രകാലം വാർത്തകളുടെ ലോകത്ത് ശബ്ദസാന്നിധ്യമായി നിന്നതുകൊണ്ടുതന്നെ ഇനിയങ്ങോട്ടും വാർത്തകളുടെ ലോകത്ത് തന്നെ നിലനിൽക്കാനാണ് സുഷമയുടെ ആഗ്രഹവും തീരുമാനവും.തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ആകാശവാണിയിലേക്കുള്ള സുഷമയുടെ വരവ്. ഹരിപ്പാട് വേലശ്ശേരിൽ വീട്ടിൽ കെ. സുധാകരൻ-വിജയമ്മ ദന്പതികളുടെ മകളായി ജനനം.
പഠന കാലത്ത് അച്ഛന്റെ താൽപര്യ പ്രകാരമായിരുന്നു ആകാശവാണിയിലേക്ക് അപേക്ഷ അയക്കുന്നത്. തുടർന്ന്, എഴുത്തു പരീക്ഷയും അഭിമുഖവും ഒന്നാം റാങ്കോടെ പാസായി. 1980 നവംബറിൽ എം.എക്ക് പഠിക്കുന്പോഴാണ് അനൗണ്‍സറായി ജോലിയിൽ പ്രവശിക്കുന്നത്. ശബ്ദവും ഉച്ചാരണ ശുദ്ധിയൊക്കെ വാർത്താവതരണത്തിന് ഇണങ്ങുമെന്ന് ആദ്യം സൂചിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സഹപ്രവർത്തകനായിരുന്ന പി. പത്മരാജനാണ്.
1992 ഏപ്രിൽ 14നാണ് ഡൽഹി നിലയത്തിൽ അനൗണ്‍സറിൽ നിന്ന് വാർത്താ വായനക്കാരിയായി പ്രവേശിക്കുന്നത്. 1994ൽ രാമചന്ദ്രൻ റിട്ടയർ ആയ ഒഴിവിലാണ് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആകാശവാണിയിലെ തുടർ നാടകങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിൽ ഒന്നായിരുന്നുവെന്ന് സുഷമ പറയുന്നു.
മുഴക്കവും ഭംഗിയുമുള്ള സുഷമയുടെ ശബ്ദം ആകാശവാണിയിൽ നിന്ന് മാത്രമേ പടിയിറങ്ങുന്നുള്ളു…ആസ്വാദകരുടെ മനസിൽ അതെപ്പോഴും പദശുദ്ധിയോടെ മുഴങ്ങിക്കൊണ്ടേയിരിക്കും….റിട്ടയർ ചെയ്യാതെ…