തുടർച്ചായായി ആറ് മണിക്കൂർ ഫോണിൽ പബ്ജി ഗെയിം കളിച്ച കൗമാരക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ നീമച്ചിൽ സ്വദേശിയായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ പതിനാറു വയസുകാരൻ ഫർഖാൻ ഖുറേഷിയാണ് മരിച്ചത്.
ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കുവാനായി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ഫർഖാൻ ഭോപ്പാലിൽ എത്തിയിരുന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഗെയിമിൽ പരാജയപ്പെട്ടതിന്റെ ദുഃഖത്തിൽ ഇയർഫോണ്‍ വലിച്ചെറിഞ്ഞ ഫർഖാൻ പൊട്ടിക്കരഞ്ഞു.
ബെഡ്ഡിലേക്ക് മുഖം പൂഴ്ത്തി കിടന്ന ഫർഖാനെ കുറച്ചു സമയത്തിനു ശേഷം വിളിച്ചപ്പോൾ അനക്കമൊന്നുമില്ലായിരുന്നു. ഉടൻ തന്നെ ഫർഖാനെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഗെയിമിൽ പരാജയപ്പെട്ടപ്പോഴുണ്ടായ ഞെട്ടലാകാം ഹൃദയാഘാതം സംഭവിച്ചതിന് കാരണമെന്ന് കുട്ടിയെ പരിശോധിച്ച ഡോ. അശോക് ജെയിൻ പറഞ്ഞു.