സെബി മാത്യു
നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വരവിന് അരങ്ങൊരുക്കിയ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപായി മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ പ്രവേശിച്ചതു മുതൽ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയുടെ കണ്ണുകൾ അവരെ പിൻതുടർന്നു. വേദിയിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിയിരിക്കുന്ന നിയുക്ത മന്ത്രിമാർക്കിടയിലേക്കു കടന്നുചെല്ലാതെ താഴെ അതിഥികൾക്കുള്ള ഇരിപ്പടങ്ങളിലൊന്നിൽ സുഷമ ഇരിപ്പുറപ്പിച്ചതോടെ സോഷ്യൽ മീഡിയയിൽ “വീ മിസ് യു സുഷമാജി’ എന്ന ഹാഷ് ടാഗ് വൈറൽ ആയി.
രാഷ്ട്രീയമായും നയപരമായും ഒന്നാം നരേന്ദ്ര മോദി സർക്കാർ നാലുപാടുനിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഏറെ കൈയടി നേടിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വാഷിംഗ്ടണ് പോസ്റ്റ് ഒരിക്കൽ ഇന്ത്യയും സൂപ്പർ മാം എന്നാണു സുഷമയെ വിശേഷിപ്പിച്ചത്. അമ്മ എന്നൊരു വികാരം പല വഴിക്കും വളർത്തിയെടുക്കാൻ തന്റെ മന്ത്രിപദവിയിലൂടെ അവർ ആത്മാർഥമായി ശ്രമിച്ചിരുന്നു.
അമ്മയായും സുഷമ
2015 ഒക്ടോബർ 26. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ വച്ചാണു സുഷമ എന്ന അമ്മയുടെ വാത്സല്യം ആദ്യമായി നേരിട്ടു കാണുന്നത്. എട്ടാം വയസിൽ അബദ്ധത്തിൽ അതിർത്തി കടന്നുപോയ ഗീത എന്ന ബധിരയും മൂകയും ആയ യുവതി പതിനഞ്ചു വർഷത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങിവന്ന ദിവസമായിരുന്നു അത്. അനാഥത്വം എന്തെന്നറിയിക്കാതെ അതിരുകളില്ലാത്ത സ്നേഹം നൽകി പാക്കിസ്ഥാൻ ഇന്ത്യക്കു ഗീതയെന്ന മകളെ തിരിച്ചു നൽകുകയായിരുന്നു. രക്ഷിതാക്കൾ ആരെന്ന് ഉറപ്പിക്കാത്ത ഗീതയെ പാക്കിസ്ഥാൻ മനസു വച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്കു തിരിച്ചുകിട്ടില്ലായിരുന്നെന്നും ഇതിനു മനസു നിറഞ്ഞു നന്ദി പറയുന്നു എന്നുമാണ് അന്നു ഗീതയെ തന്റെ നെഞ്ചോടു ചേർത്തുപിടിച്ച് സുഷമ സ്വരാജ് പറഞ്ഞത്.
വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷമ നേരിട്ടു നടത്തിയ ഇടപെടലുകളുടെ വിജയമായിരുന്നു ഗീതയുടെ തിരിച്ചുവരവ്. ഇന്ത്യയിലേക്കു തിരിച്ചെത്തിയ ഗീത തങ്ങളുടെ മകളാണെന്നു ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയെങ്കിലും മതിയായ തെളിവുകൾ നൽകാതിരുന്നതിനാൽ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. ഇൻഡോറിലെ ഭിന്നശേഷിക്കാർക്കായുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് അവളെ സുരക്ഷിതമായി അയയ്ക്കുകയാണു ചെയ്തത്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താൻ രണ്ടു വർഷം കഴിഞ്ഞിട്ടും കഴിയാതെവന്നപ്പോൾ അവൾ മകളെന്നു പറഞ്ഞതു മറന്നോ എന്ന ചോദ്യം പാക്കിസ്ഥാനിൽ നിന്നു സുഷമയ്ക്കു നേർക്കുയർന്നിരുന്നു.
അതിനും മറുപടി വാക്കുകളിൽ ഒതുക്കാതെ പ്രവൃത്തിയിലേക്കു കടക്കുകയാണ് സുഷമ ചെയ്തത്. 2017 ഒക്ടോബറിൽ അന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനെ കണ്ടു ഗീതയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനുള്ള ഉത്തരവാദിത്തം ഏൽപ്പിച്ചുകൊടുത്തു സുഷമ. തുടർന്ന് ഗീതയെപ്പോലെ തന്നെ സംസാര ശേഷിയില്ലാത്ത ഒരു യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും ആ വിവാഹം വേണ്ടെന്നു ഗീത തന്നെ പറഞ്ഞു. തുടർന്നും ഗീതയ്ക്കു വേണ്ടി നല്ല വിവാഹ ആലോചനകൾ തിരയാൻ നിർദേശം നൽകിയ സുഷമ ഗീതയുടെ വ്യക്തിഗത വിവരങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചു.
ഗീതയെ വിവാഹം കഴിക്കുന്ന ആൾക്ക് ഒരു നല്ല വീടും സർക്കാർ ജോലിയും നൽകാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. എന്നാൽ, തനിക്കുവന്ന വിവാഹാലോചനകൾ ഒന്നും തന്നെ ഗീതയ്ക്കു പിടിച്ചില്ല. മന്ത്രിപദം ഒഴിയുന്നതിന് ദിവസങ്ങൾക്ക് മുൻപും സുഷമ സ്വരാജ് തന്റെ ഓഫീസ് മുഖേന ഗീതയുടെ വിവരങ്ങൾ തിരക്കിയിരുന്നു എന്നാണ് ഇൻഡോറിൽ ഗീതയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന മോണിക്ക പഞ്ചാബി വർമ ഇന്നലെ ദീപികയോടു പറഞ്ഞത്. ഗീതയുടെ സംരക്ഷണവും ഉത്തരവാദിത്തവും സുഷമ സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും ഭിന്നശേഷിക്കാർക്കുവേണ്ടി അഭയകേന്ദ്രവും പരിശീലനവും നടത്തുന്ന മോണിക്ക പറഞ്ഞു.
ഡിജിറ്റൽ ഡിപ്ലോമസി
വിദേശത്തും സ്വദേശത്തും പലവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവർ ട്വിറ്ററിൽ ഒരു വാചകം ഇട്ട് സുഷമയെ ടാഗ് ചെയ്താൽ പരിഹാരം ഉറപ്പായിരുന്നു. കേരളത്തിൽ നിന്നുള്ള മലയാളി നഴ്സുമാർ ഇറാക്കിൽ അകപ്പെട്ടപ്പോഴും യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴും സുഷമയുടെ കരുതൽ രാജ്യം കണ്ടതാണ്. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സുഷമയുടെ ഇടപെടലുകളെ ഡിജിറ്റൽ ഡിപ്ലോമസി എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
2014ൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള വാതിലുകൾ നാലുപാടു നിന്നും തുറന്നിടുകയാണ് സുഷമ ചെയ്തത്. തൊട്ടടുത്ത വർഷമാണ് ഒരു ഇന്ത്യൻ യുവാവിനെ വിവാഹം ചെയ്ത യെമൻ സ്വദേശിയായ വനിത സുഷമയുടെ സഹായം ട്വിറ്ററിൽ അഭ്യർഥിക്കുന്നത്. എട്ടുമാസം പ്രായമായ മകളും താനും സംഘർഷ സ്ഥലത്ത് പെട്ടു പോയെന്നും സഹായിക്കണമെന്നുമായിരുന്നു ട്വീറ്റ്. ആ വിഷയത്തിൽ സുഷമയുടെ ഇടപെടലും അവരുടെ രക്ഷപ്പെടലും ദേശീയ, അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധ നേടി. 2015 ഫെബ്രുവരിയിൽ ഇറാനിലെ ബസ്രയിൽ അകടപ്പെട്ട 168 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്ന നടപടിയും പ്രശംസനീയമാണ്.
2016 മാർച്ചിലാണ് ഋഷികേശിൽ കാണാതായ തന്റെ സഹോദരിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ഡച്ച് സ്വദേശി സുസേൻ ലുഗനോസ് ഫേസ് ബുക്കിൽ സുഷമയുടെ സഹായം അഭ്യർഥിച്ചത്. അന്പരപ്പിക്കുന്ന സമയവേഗത്തിൽ അവരുടെ സഹോദരി സബീനെ ഹാർമേസിനെ കണ്ടെത്തി തിരികെ ഏൽപ്പിച്ചായിരുന്നു സുഷമയുടെയും ടീമിന്റെയും മറുപടി. വിവാഹ ദിവസം അടുത്തിരിക്കവേ പാസ്പോർട്ട് നഷ്ടപ്പെട്ട് അമേരിക്കൻ വിമാനത്താവളത്തിൽ കുടുങ്ങിയ ദേവത രവി തേജയ്ക്ക് സുഷമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ഏറ്റവും മോശമായ സമയത്താണല്ലോ നിങ്ങളുടെ പാസ്പോർട്ട് കളഞ്ഞു പോയിരിക്കുന്നത്, സാരമില്ല ഉടൻ വേണ്ടതു ചെയ്യുന്നുണ്ട്. ദേവത രവി തേജ സമയത്ത് നാട്ടിലെത്തി വിവാഹം കഴിച്ചു സുഖമായി മടങ്ങി.
നിഴലായി വിവാദങ്ങളും
കോടികളുടെ തട്ടിപ്പ് നടത്തിയ ലളിത് മോദിയെ സഹായിച്ചു എന്ന പേരിൽ കഴിഞ്ഞ പാർലമെന്റിൽ സുഷമയ്ക്ക് രൂക്ഷ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു ഗുരുതര ശസ്ത്രക്രിയ കഴിഞ്ഞു മടങ്ങിയെത്തിയ അവർ അതി വൈകാരികമായി ഒരു മണിക്കൂർ നീണ്ട വിശദീകരണം നൽകിയാണ് പ്രതിപക്ഷത്തിന്റെ ഉൾപ്പെടെ വായടച്ചത്.
ലളിത് മോദിക്കു വീസ ലഭിക്കാൻ സുഷമയും കുടുംബവും വഴിവിട്ട സഹായം നൽകിയെന്നും മന്ത്രി രാജിവയ്ക്കണമെന്നുമായിരുന്നു കോണ്ഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ഒരിക്കൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടി നൽകുന്നതിനിടെ മറുപക്ഷത്തിരുന്ന കോണ്ഗ്രസ് അധ്യക്ഷനെ നോക്കി രാഹുൽ നീയെനിക്കു മകനെപ്പോലെയാണന്നും സുഷമ പറഞ്ഞിരുന്നു.
ലക്നൗ പാസ്പോർട്ട് ഓഫീസിലെത്തിയ ദന്പതികളോടു മതം മാറാൻ ആവശ്യപ്പെട്ടു എന്ന പരാതിയിൽ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സുഷമ മറ്റൊരു വിവാദത്തിൽ അകപ്പെട്ടത്. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരേ സുഷമയ്ക്കു സ്വന്തം പാർട്ടിയിൽ നിന്നുപോലും വിമർശനങ്ങൾ കേൾക്കേണ്ടിവന്നു.
കൗശലിന്റെ കരുതൽ
സുഷമയ്ക്കെതിരേ രൂക്ഷ ഭാഷയിൽ വിമർശനം ഉയർത്തിയ ഒരു യുവാവിനു ഭർത്താവ് സ്വരാജ് കൗശൽ ആയിരുന്നു മറുപടി നൽകിയത്. സ്വരാജിന്റെ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വാക്കുകൾ വലിയ വേദനയുണ്ടാക്കുന്നു. എന്റെ അമ്മ കാൻസർ മൂലം മരിക്കുന്നത് 1993ലാണ്. അന്നു എംപിയായിരുന്നു സുഷമ.
ഒരു വർഷക്കാലത്തോളം തന്റെ ഭർതൃമാതാവിനെ ആശുപത്രിയിൽ അരികിൽ നിന്നു ശുശ്രൂഷിച്ച അവർ ആ കടമ ഒരു നഴ്സിനോ മറ്റൊരാൾക്കോ കൈമാറാൻ തയാറായില്ല. എന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിതയ്ക്കു തീ കൊളുത്തിയതും സുഷമയാണ്. ഞങ്ങൾ അവളുടെ ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി പ്രാർഥിക്കുന്നു. ദയവ് ചെയ്തു ഇത്തരം രൂക്ഷമായ വാക്കുകൾ അവൾക്കെതിരേ പ്രയോഗിക്കാതിരിക്കൂ. നിങ്ങളുടെ ഭാര്യക്കും എല്ലാവിധ സുഖാശംസകളും നേരുന്നു.
സുഷമ സ്വരാജ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നറിഞ്ഞ് ഭർത്താവ് സ്വരാജ് കൗശൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: മാഡം, തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന തീരുമാനത്തിനു നന്ദിയുണ്ട്. മിൽക്കാ സിംഗ് ഓട്ടം നിർത്തിയ നിമിഷത്തെക്കുറിച്ചാണ് ഇപ്പോൾ ഓർമിക്കുന്നത്.