കോട്ടയം: കോട്ടയത്തിന്റെ സ്വന്തം സഹകരണ സൂപ്പർ മാർക്കറ്റ് കൽപ്പക സൂപ്പർ മാർക്കറ്റിനു പൂട്ടു വീണു. സംസ്ഥാനത്ത് ആദ്യമായി ആധുനിക രീതിയിൽ സൂപ്പർ മാർക്കറ്റ് സന്പ്രദായം പരിചയപ്പെടുത്തിയ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ വ്യാപാരസ്ഥാപനമായ കൽപ്പക ഇന്നലെ കോട്ടയം നഗരസഭ പൂട്ടി. കെട്ടിടത്തിന്റെ വാടക നൽകാതെ കുടിശിക ആയതോടയാണു പൂട്ടിയത്.
കോട്ടയം നഗരത്തിന്റെ വ്യാപാര മുഖമുദ്രയായിരുന്ന കൽപ്പക സൂപ്പർ മാർക്കറ്റ് വൻസാന്പത്തിക ബാധ്യതയെത്തുടർന്നാണ് അടച്ചു പൂട്ടിയത്. നഗരസഭയ്ക്ക് രണ്ടു വർഷത്തെ കുടിശിക കൊടുത്തു തീർക്കാനുണ്ട്. 2017 മുതൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശന്പളവും മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. എട്ട് സ്ഥിരം ജീവനക്കാരും ആറ് താൽകാലിക ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്.
കോട്ടയം ഹോൾസെയിൽ കോ ഓപ്പറേറ്റീവ് കണ്സ്യൂമർ സ്റ്റോറിന്റെ (കെഡബ്ല്യുസിസിഎസ്) നിയന്ത്രണത്തിലാണ് കൽപ്പക സൂപ്പർ മാർക്കറ്റ്. കോട്ടയത്തെ സഹകരണ സംഘം സ്റ്റോർ പ്രതിനിധികളുടെ കൂട്ടായ്മയിലാണ് കെഡബ്ല്യുസിസിഎസ് പ്രവർത്തിക്കുന്നത്. 1962ലാണ് സ്ഥാപനം ആരംഭിക്കുന്നത്. സാന്പത്തിക അച്ചടക്കമില്ലായ്മയും ഉയർന്ന ചെലവുമാണ് സൂപ്പർ മാർക്കറ്റ് നഷ്ടത്തിലേക്ക് നീങ്ങിയതെന്ന് പറയുന്നു.
കെഡബ്ല്യുസിസിഎസ് വൈക്കത്താണ് ആദ്യമായി സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. വൈക്കത്തെ സ്ഥാപനം നേരത്തെ പൂട്ടിയിരുന്നു. പാന്പാടി, പാലാ, മുട്ടന്പലം, കഞ്ഞിക്കുഴി, പുത്തനങ്ങാടി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം മാർക്കറ്റ്, കീഴുകുന്ന്, ചങ്ങനാശേരി, കോട്ടയം തിരുനക്കര, തിരുനക്കര മെഡിക്കൽ സ്റ്റോർ, നാഗന്പടം എന്നിവിടങ്ങളിൽ സൂപ്പർ മാർക്കറ്റ് മുന്പ് പ്രവർത്തിച്ചിരുന്നു. പാന്പാടി, നാഗന്പടം, പുതുപ്പള്ളി എന്നിവിടങ്ങളിലൊഴികെ മറ്റു സ്റ്റോറുകൾ ഘട്ടംഘട്ടമായി പൂട്ടി. ബാങ്കിൽനിന്നും ഓവർ ഡ്രാഫ്റ്റ് വഴി പണം വാങ്ങിയതോടെ വൻബാധ്യതയിലേക്കു നീങ്ങുകയായിരുന്നു.
2017 സെപ്റ്റംബറിൽ കെഡബ്ല്യുസിസിഎസ് ഭരണസമിതി ജില്ലാ ജോയിന്റ് രജിസ്ട്രാർ പിരിച്ചവിടുകയും അഡ്മിനിസ്ട്രേറ്ററെ ഭരണമേൽപ്പിക്കുകയും ചെയ്തു. ഇതോടെ സാന്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായി. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറണമെന്നാണ് വ്യവസ്ഥയെങ്കിലും ഒന്നേ മുക്കാൽ വർഷമായി തെരഞ്ഞെടുപ്പ് നടത്താനോ പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുവാനോ സാധിച്ചില്ല.
60 ലക്ഷം രൂപയിൽ താഴെ ബാധ്യതയും 25 കോടിയിൽപ്പരം രൂപയുടെ ആസ്തിയും കെഡബ്ല്യുസിസിഎസിനുണ്ട്. പുത്തനങ്ങാടിയിൽ 76 സെന്റ് സ്ഥലം, കോട്ടയം തിരുനക്കര പ്രസ് ക്ലബ് മന്ദിരത്തിനു പിന്നിൽ 10 സെന്റ് സ്ഥലം, മുട്ടന്പലത്ത് മൂന്ന് സെന്റ് സ്ഥലം കുത്തകപ്പാട്ടവുമുണ്ട്. കൽപ്പക സൂപ്പർ മാർക്കറ്റ് ഉടൻ തുറന്നുപ്രവർത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.