അരിന്പൂർ: ഹൈക്കോടതി വിധിയനുസരിച്ച് തൃശൂർപടിഞ്ഞാറെകോട്ടമുതൽ എറവ് സ്കൂൾ വരെയുള്ള റോഡ് പണി പൂർത്തിയാക്കേണ്ട കാലാവധി ഇന്നലെ അവസാനിച്ചിട്ടും റോഡ് പണി എങ്ങുമെത്തിയില്ല. നടപ്പാതയില്ല, വെള്ളമൊഴുകിപ്പോകാൻ റോഡിനിരുവശത്തും കാനകളുമില്ല. പണി പൂർത്തിയാകാത്ത റോഡിൽ തെന്നി വീണ് ഒരാഴ്ച്ചക്കിടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
വിവിധ വകുപ്പുകളുടെ ചേരിപ്പോര് മൂലമാണ് തൃശൂർ – കാഞ്ഞാണി വാടാനപ്പള്ളി സംസ്ഥാന പാത നിർമാണം മന്ദഗതിയിലായതെന്ന് വിവിധ രാഷ്ട്രീയ കക്ഷിന നേതാക്കളും, നാട്ടുകാരും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃശൂർ – കാഞ്ഞാണി സംസ്ഥാന പാതയിൽ ചേറ്റുപുഴ മുതൽ എറവ് വരെയുള്ള പ്രദേശമാണ് വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നിർമാണം ഇഴഞ്ഞു നീങ്ങുന്നത്.
നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയിൽ റോഡ് പല തട്ടുകളായി ഉയർത്തി ടാറിംഗ് ചെയ്തു. ചേറ്റുപുഴ മുതൽ എറവ് വരെ 182 പോസ്റ്റുകളാണ് ടാറിംഗിനു വേണ്ടി മാറ്റി സ്ഥാപിക്കേണ്ടത്. ഇതിന്റെ മെയിന്റനൻസ് ചെലവിലേക്കായി പിഡബ്ല്യുഡി വകുപ്പിൽ നിന്നും 23 ലക്ഷം കെഎസ്ഇബി കൈപ്പറ്റിയിട്ടുണ്ട്.
പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി കരാർ എടുത്ത സ്വകാര്യ വ്യക്തിക്ക് 10 ലക്ഷം അഡ്വാൻസും നൽകി. എന്നാൽ 182 പോസ്റ്റ് മാറാൻ കരാർ എടുത്ത ഇയാൾ വെറും 16 പോസ്റ്റുകൾ മാത്രമാണ് മാറ്റി സ്ഥാപിച്ചത്.റോഡ് നിർമാണത്തിന് പിഡബ്ല്യുഡി കരാർ നൽകിയിരിക്കുന്നത് കാസർകോടുള്ള കുദ്രോളി ഗ്രൂപ്പിനാണ്. ടെണ്ടർ ലഭിച്ചിട്ടും പ്രവൃത്തികൾ തുടങ്ങാൻ ഒരു വർഷം ഇവർക്ക് കാത്തിരിക്കേണ്ടി വന്നതായി പറയുന്നു.
ഇലക്ട്രിക് പോസ്റ്റുകൾ കൃത്യമായി മാറ്റി തരാത്തതാണ് റോഡ് നിർമാണം ഇഴയുന്നതിന് കാരണമായി ഇവർ പറയുന്നത്. അതേ സമയം പോസ്റ്റുകൾ മാറാൻ കരാറെടുത്ത വ്യക്തിയുടെ അലംഭാവമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും, കെഎസ്ഇബി ഇവർക്കു വേണ്ട എല്ലാ സഹായത്തിനും സന്നദ്ധരാണെന്നും അരിന്പൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി.എൻജിനീയർ ഷീന പറഞ്ഞു.
പോസ്റ്റുകൾ മാറുന്ന ജോലിയുടെ കരാർ കെഎസ്ഇബി യിലെ ചിലരുടെ ബന്ധുക്കൾക്ക് പിഡബ്ല്യുഡി നൽകാത്തതിൽ ഇവർക്കിടയിലെ പോര് വർധിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. പിഡബ്ല്യുഡി യുടെ പണികൾക്കിടെ അഞ്ചാംകല്ല് മുതൽ എറവ് സ്കൂൾ വരെ മൂന്ന് ഇടങ്ങളിൽ ബിഎസ്എൻഎല്ലിന്റെ കേബിളുകൾ മുറിഞ്ഞിരുന്നു. മൂന്ന് ആഴ്ച കഴിഞ്ഞിട്ടും ഇതു ശരിയാക്കാനായിട്ടില്ല.