കൊല്ലം :നേടിയെടുത്ത സാംസ്കാരിക മൂല്യങ്ങളെ പിന്നോട്ടടിക്കാൻ ശ്രമം നടക്കുമ്പോൾ നവോത്ഥാന മുന്നേറ്റത്തിന് തിരി തെളിക്കേണ്ടത് ഗ്രന്ഥശാലകളാണെന്ന് മന്ത്രി കെ.രാജു .വാളകത്ത് എം.കെ.കുമാരൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാര ദാനവും പഠനോപകരണ വിതരണവും നിർവ്വഹിച്ച് സംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സ്പന്ദനമായ വായനശാലകളെ പുസ്തകശാലകൾ മാത്രമായി മാറ്റരുത്. സമസ്ത മേഖലകളിലും ഇടപെടുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പരമാവധി പ്രയോജനപ്പെടുകയും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന തലമുറയെ രൂപപ്പെടുത്തുകയും വേണം. വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിൽ മാത്രം ശ്രദ്ധിച്ചാൽ പോര. സാമൂഹിക- സാംസ്കാരിക രംഗത്തേക്കുകൂടി ഇടപെടണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ലൈബ്രറി പ്രസിഡന്റ് പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി പ്രകാശ് ലക്ഷ്മണൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, ജി.ആർ.സുരേഷ്, വി.ദിലീപ് കുമാർ, ജലജ ശ്രീകുമാർ, ജോൺകുട്ടി ജോർജ്ജ്, ജി.രംഗനാഥൻ, ബി.ഉദയൻ എന്നിവർ പ്രസംഗിച്ചു.