മുക്കം: മുക്കം ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മെഡിക്കൽ ഷോപ്പിൽ നിന്ന് ജീവനക്കാരനെ പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ പ്രതിഷേധവുമായെത്തി. 12 വർഷത്തോളമായി മെഡിക്കൽ ഷോപ്പിലെ തൊഴിലാളിയായിരുന്ന സജിൻ ദാസിനെയാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്.
ഇയാൾ സിഐടിയു സംഘടനയിൽ പെട്ട ആളല്ലന്നു പറഞ്ഞാണ് പിരിച്ചു വിട്ടിരിക്കുന്നതെന്ന് സിഐടിയു ഏരിയ പ്രസിഡന്റ് ജോണി എടശ്ശേരി പറഞ്ഞു. മന്ത്രിതലത്തിലടക്കം ഇടപെടൽ നടത്തിയാണ് പിരിച്ചുവിടൽ നടത്തിയതെന്നും അവർ ആരോപിച്ചു. എഐടിയുസി മെമ്പർഷിപ്പ് എടുക്കുന്നതിനായി തന്നെ നിർബന്ധിച്ചിരുന്നതായും എന്നാൽ താൻ അതിന് വഴങ്ങിയില്ലന്നും സജിൻ ദാസ് പറഞ്ഞു.
അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ സിപിഐ, സിപിഎം പോര് രൂക്ഷമായിട്ടുണ്ട്.
സിപിഐയുടെ പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ഇത്തരം തീരുമാനമെടുപ്പിച്ചതെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുത്തില്ലങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സിപിഎമ്മും സിഐടിയുവും അറിയിച്ചു. സപ്ലൈകോ മെഡിക്കൽ ഷോപ്പിൽ ഫാർമസിഡിഗ്രിയുള്ളവർ മാത്രം മതിയെന്ന സർക്കാർ തീരുമാനമാണ് സജിൻ ദാസിന്റെ പുറത്താകലിന് വഴിവെച്ചത്.
ഇതോടെ ഇയാളെ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടങ്കിലും അവിടെ നിന്ന് പിരിഞ്ഞു പോയ എ ഐടിയുസി പ്രവർത്തകന് പകരം എഐടിയുസി ക്കാരനെ മാത്രമേ നിയമിക്കൂ എന്നാണ് സിപിഐ നിലപാട്പ്രതിഷേധ സമരത്തിന് സി.ഐ.ടി.യു നേതാക്കളായ ജോണി എടശ്ശേരി, പി.ടി.ബാബു ,എ.കല്യാണികുട്ടി, പ്രജിത പ്രദീപ്, എ.കെ.ഉണ്ണികൃഷ്ണൻ, എം.ബി.വിജയകുമാർ, കെ.ബാബു നേതൃത്വം നൽകി .