സുൽത്താൻ ബത്തേരി: അഞ്ച്നില കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടു. താലൂക്ക് ആശുപത്രി ഇപ്പോഴും രോഗാവസ്ഥയിൽ തന്നെ. വളരെ ആഘോഷത്തോടെ കൊട്ടിഘോഷിച്ചാണ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ആശുപത്രിയിൽ ഇന്നും രോഗികളെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യമില്ല.
ജില്ലാ അധികൃതരും വകുപ്പ് മേധാവികളും മനസുവെച്ചാൽ മാത്രമേ നിർധന രോഗികൾക്കുള്ള ഈ ആതുരാലയം ഉപകാരപ്രദമാവുകയുള്ളു. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചെങ്കിലും ആശുപത്രിയിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങൾ ഒന്നും തന്നെ ഒരുക്കാത്തതാണ് ഈ ആശുപത്രി ഇപ്പോഴും പഴയ പടിയിൽ തന്നെ നിൽക്കാൻ കാരണം.
രണ്ട് പീഡിയാട്രീഷ്യൻമാരുണ്ടായിരുന്നതിൽ ഒരാൾ സ്ഥലം മാറിപോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് ഡോക്ടർമാർ വേണ്ട ഗൈനക്കോളജിയിൽ രണ്ട് ഡോക്ടർമാരാണ് ഉള്ളത്. ചില ദിവസങ്ങളിൽ ഒരു ഡോക്ടർ മാത്രമാണുണ്ടാവുക. ആഴ്ചയിൽ രണ്ട് ദിവസമാണ് ഗൈനക്കിന്റെ ഒപി. രോഗികളുടെ എണ്ണവും ചിലദിവസങ്ങളിൽ ഒപിയിൽ നിജപ്പെടുത്തും.
അമ്മമാരുടെയും കുട്ടികളുടെയും വാർഡ് സ്ഥിതിചെയ്യുന്നത് ടൗണിലെ പഴയകെട്ടിടത്തിലാണ്. മറ്റ് ഡിപ്പാർട്ടുമെന്റുകളെല്ലാം ഫെയർലാന്റ് കോളനിയിലെ ആശുപത്രി സമുച്ചയത്തിൽ ഒന്നിച്ചാണ്. ഇവിടെയാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം പണി പൂർത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ആശുപത്രിക്ക് വേണ്ട സൗകര്യങ്ങൾ ഒന്നും ഒരുക്കാതെ കിടക്കുന്നത്.