കൊച്ചി: സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് കൊച്ചി സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. സുരക്ഷിതമായ അധ്യയന വർഷം ഉറപ്പാക്കണമെന്നും അതിനായി പോലീസ് നൽകുന്ന നിർദേശങ്ങൾ രക്ഷകർത്താക്കളും സ്കൂൾ അധികൃതരും പൊതുജനങ്ങളും സ്കൂൾ കുട്ടികളെകൊണ്ടു പോകുന്ന വാഹനങ്ങളിലെ ജീവനക്കാരും കർശനമായി പാലിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു.
ബസുകൾ, സ്വകാര്യ ടാക്സികൾ, ഓട്ടോ റിക്ഷകൾ, മറ്റു സ്കൂൾ വാഹനങ്ങൾ എന്നിവയിൽ കുട്ടികളെ കുത്തി നിറച്ചുകൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം വാഹനങ്ങളിൽ തന്റെ കുട്ടികളെ കൊണ്ടു പോകുന്നതിൽനിന്ന് രക്ഷകർത്താക്കൾ പിന്മാറണമെന്നും ആ വിവരം പോലീസ് അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ബസുകളിലെയോ, സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെയോ ജീവനക്കാർ കുട്ടികളോട് ഏതെങ്കിലും തരത്തിൽ മോശമായോ അപമര്യാദയായോ പെരുമാറുന്നതായി അറിഞ്ഞാൽ ഉടൻ ബന്ധപ്പെട്ട പോലീസ് അധികാരികളെ അറിയിക്കണം.
സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ജീവനക്കാരും ഒരു തരത്തിലുംപെട്ട ക്രിമിനൽ കേസുകളിലോ, പോക്സോ കേസുകളിലോ ഉൾപ്പെട്ടിട്ടില്ലായെന്നു ബന്ധപ്പെട്ട അധികാരികളും രക്ഷകർത്താക്കളും ഉറപ്പുവരുത്തണം. ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്കൂൾ അധികൃതർ നിർബന്ധമാക്കേണ്ടതാണെന്നും പോലീസ് നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മുന്നിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഇവർ കുട്ടികളെ വരിവരിയായി വാഹനങ്ങളിൽ കയറ്റുന്നതിനും റോഡ് മുറിച്ച് കടക്കുന്നതിനും സ്കൂൾ പരിസരത്ത് മറ്റ് വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്നതിനും കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും മറ്റും ശ്രദ്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പോലീസ് നിർദേശങ്ങൾ ലംഘിക്കുന്ന സ്കൂൾ വാഹനങ്ങളെയും ജീവനക്കാരെയും ഉടൻ കോടതി മുന്പാകെ ഹാജരാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിനായി വിവരങ്ങൾ കൊച്ചി സിറ്റി പോലീസിന്റെ നൂതന സംരംഭമായ കണക്ട് ടു കമ്മീഷണർ നന്പറായ 9497915555 എന്ന നന്പറിലോ പോലീസ് കണ്ട്രോൾ റൂമിലോ വിളിച്ചറിയിക്കാവുന്നതാണെന്നു കമ്മീഷണർ അറിയിച്ചു.
മറ്റു നിർദേശങ്ങൾ
കുട്ടികളെ കൊണ്ടുപോകുന്ന സ്കൂൾ ബസുകൾ, ട്രാവലറുകൾ, മറ്റു വാഹനങ്ങൾ എന്നിവ പോലീസിന്റെ കർശന സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും.
മതിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത പ്രത്യേകിച്ച് എൽപിജി ഇന്ധനമായുള്ള വാഹനങ്ങളിൽ മോട്ടോർ വാഹനനിയമം അനുശാസിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
പെർമിറ്റിന് വിരുദ്ധമായി അമിതമായി വിദ്യാർഥികളെ കയറ്റുന്ന വാഹനങ്ങൾക്കെതിരേ നിയമ നടപടികൾ സ്വീകരിക്കും.
സ്കൂൾ കുട്ടികളെ വഹിച്ചുകൊണ്ടുള്ള വാഹനങ്ങൾക്ക് ഒരു കാരണവശാലും അമിതവേഗം പാടില്ല. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം പോലീസ് കണ്ട്രോൾ റൂമിലോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കണം.
സർവീസ് നടത്തുന്ന എല്ലാ യാത്രാ ബസുകളും ബസ് സ്റ്റോപ്പിൽ നിർത്തി കുട്ടികളെ സുരക്ഷിതമായി കയറ്റിക്കൊണ്ടു പോകണം.
വിദ്യാർഥികളുടെ യാത്രാ സൗജന്യം നിഷേധിക്കുകയോ, സ്റ്റോപ്പുകളിൽ ബസ് നിർത്താതെ പോവുകയും മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും.
സ്കൂളിന്റെ മുന്നിൽ റോഡ് ക്രോസിംഗിന് നിർദേശിച്ചിരിക്കുന്ന സ്ഥലത്തു കൂടി മാത്രമേ റോഡ് ക്രോസ് ചെയ്യാവൂ എന്ന് രക്ഷിതാക്കൾ കുട്ടികളോടു പറഞ്ഞു മനസിലാക്കണം.
സ്കൂൾ അധികാരികൾ തങ്ങളുടെ സ്കൂളുകളിൽ സ്കൂൾ ബസ് സർവീസ് നടത്തുന്ന ബസുകളുടെ റൂട്ടും ബസ് ഡ്രൈവർമാരുടെ ഫോണ് നന്പർ ഉൾപ്പെടെയുള്ള വിവരം ദിനംപ്രതി ഒരു രജിസ്റ്ററിൽ നിർബന്ധമായും രേഖപ്പെടുത്തണം.
സ്കൂൾ ബസ് ഡ്രൈവർമാർ നിർബന്ധമായും യൂണിഫോം ധരിക്കേണ്ടതും യൂണിഫോമിൽ സ്കൂൾ ബാഡ്ജ് ഉണ്ടെന്ന് അതത് സ്കൂൾ അധികാരികൾ ഉറപ്പാക്കേണ്ടതാണ്.
എല്ലാ സ്കൂൾ ബസുകളിലും ഒരു സഹായി ഉണ്ടായിരിക്കണം.
ഡ്രൈവർമാർ മദ്യപിച്ചോ പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചോ സ്കൂൾ വാഹനങ്ങൾ ഓടിക്കരുത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കും.
സ്കൂൾ കോന്പൗണ്ടിനകത്തും പുറത്തും ഭീഷണിയുണ്ടാക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ച് മാറ്റണം.
സ്കൂൾ പരിസരങ്ങളിൽ ലഹരി മരുന്ന് ലോബികൾ കുട്ടികളെ ആകർഷിച്ച് മയക്കുമരുന്നുകൾ അടങ്ങിയ ഉത്പന്നങ്ങൾ വിൽക്കാൻ സാധ്യതയുള്ളതിനാൽ സ്കൂൾ പരിസരങ്ങളിലെ കടകളിൽ കർശന പരിശോധന നടത്തും.
സ്കൂൾ പരിസരങ്ങളിൽ സാമൂഹ്യവിരുദ്ധർ, പൂവാലന്മാർ, സെക്സ് റാക്കറ്റുകൾ എന്നിവരെ പിടികൂടുന്നതിനായി പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിക്കും.
ഇതിനായി സ്കൂൾ അധികൃതരോടും വിവിധ സംഘടനകളോടും വിദ്യാലയത്തിന്റെ പരിസരത്തും ബസ് സ്റ്റോപ്പുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കാൻ നിർദേശിക്കും.