കാഞ്ഞിരപ്പള്ളി: പഴങ്ങളുടെ വിലയിൽ വൻ വർധനവ്. ഏത്തക്കായുടെ വിലയും കുതിച്ചുയരുകയാണ്. നോന്പ് കാലത്ത് പഴങ്ങളുടെ വില വർധിക്കുന്നത് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രണ്ടാഴ്ച മുന്പു വരെ മൂന്ന് കിലോ ഏത്തയ്ക്ക നൂറു രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് കിലോയ്ക്ക് 70 രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടയിലാണ് വില ഇത്രയധികമായി ഉയർന്നതെന്ന് വ്യാപാരികൾ പറയുന്നു. ഏതാനും ദിവസം മുന്പുവരെ 45 രൂപയായിരുന്നു ഏത്തയ്ക്കയുടെ വില. കഴിഞ്ഞയാഴ്ച അവസാനത്തോടെ ഇത് അന്പതിലെത്തുകയും ഈ ആഴ്ച തുടക്കത്തിൽ എഴുപതിലേക്ക് കുതിച്ചുയരുകയുമായിരുന്നു.
തമിഴ്നാട്ടിൽനിന്ന് ഏത്തക്കുലകൾ എത്താത്തതിനു പുറമെ നാടൻ ഏത്തക്കുലകളുടെ ലഭ്യതക്കുറവുമാണ് വില ഉയരാൻ കാരണം. വയനാട്ടിൽ നിന്നാണ് ഇപ്പോൾ വിൽപ്പനയ്ക്കായി ഏത്തക്കുലകൾ കൂടുതലും എത്തുന്നത്. മറ്റ് പഴ വർഗങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്.
മാന്പഴത്തിന് മാത്രമാണ് വിലക്കുറവുള്ളത്. ഞാലിപ്പൂവന് കിലോയ്ക്ക് അന്പത് രൂപയാണ്. 60 രൂപയിൽ കിടന്ന കറുത്ത മുന്തിരി ലഭിക്കണമെങ്കിൽ 140 രൂപ കൊടുക്കണം. പച്ചമുന്തിരിക്ക് 120 രൂപയാണ് വില. ആപ്പിളിന്റെ വില 160 രൂപയാണ്. കാശ്മീരി ആപ്പിൾ ലഭിക്കാത്തതാണ് ആപ്പിളിന്റെ വില ഉയരാൻ കാരണം.
വിദേശ മാർക്കറ്റിൽ നിന്നാണ് ഇപ്പോൾ ആപ്പിൾ വിൽപ്പനക്കായി എത്തുന്നത്. കൈതച്ചക്കയുടെ വിലയും വർധിച്ചിട്ടുണ്ട്. റംസാൻ സമാഗതമാകാനിരിക്കെ സമൂഹ നോന്പുതുറകൾ അടക്കം സജീവമായ സാഹചര്യത്തിൽ പഴങ്ങളുടെ വിൽപ്പന വർധിക്കും. അതിനാൽ തന്നെ നോന്പുകാലത്ത് പഴങ്ങളുടെ വിലയുയരുന്നത് ആളുകൾക്ക് വലിയ സാന്പത്തികഭാരമാണ് വരുത്തുന്നത്.