കോട്ടയം: മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിനു മുന്നിൽ പാന്പ് ഭീഷണി. കഴിഞ്ഞ ദിവസം പകൽ രോഗിക്കു മരുന്നു വാങ്ങാൻ പോയ വീട്ടമ്മയ്ക്കു നേരേ പാന്പ് പാഞ്ഞു വന്നു. നിരവധിയാളുകൾ നടന്നു പോകുന്ന റോഡിലൂടെയാണ് പാന്പ് എത്തിയത്.പാന്പ് തന്റെ നേരേ വരുന്നതു കണ്ട് വീട്ടമ്മ ഓടി. പാന്പ് പിന്നാലെ. വീട്ടമ്മ മുന്നോട്ടോടി പുരുഷൻമാരുടെ അടുത്തെത്തി പാന്പ്…പാന്പ് എന്നു നിലവിളിച്ചു.
ആളുകൾ ഓടിക്കൂടിയതോടെ പാന്പ് പത്തിവിടർത്തി. ഇതോടെ പലരും പിൻവാങ്ങി. നടുറോഡിൽ പത്തിവിടർത്തി നിൽക്കുന്ന പാന്പും പേടിച്ചു വിറച്ചു നിൽക്കുന്ന കുറെയാളുകളും. ഇതിനിടെ ഒരാൾ എവിടെ നിന്നോ ഒരു വടി സംഘടിപ്പിച്ചെത്തി പാന്പിനെ തല്ലിക്കൊന്നു. ഗൈനക്കോളജി വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് വീട്ടമ്മ.
രോഗിയെ ഡിസ്ചാര്‍ജ് ചെയ്തപ്പോൾ നല്കിയ ചീട്ടുമായി മരുന്നു വാങ്ങാൻ വരികയായിരുന്നു. പഴയ അത്യാഹിത വിഭാഗത്തിനും പുതിയ അത്യാഹിത വിഭാഗത്തിനു മധ്യേയുള്ള റോഡിലൂടെ നടന്നു വരുന്പോഴാണ് പാന്പ് പിന്നാലെയെത്തിയത്.
മാനസിക രോഗ വിഭാഗത്തിലെ വാർഡിൽ ഒരു മാസം മുൻപ് മൂർഖൻ പാന്പ് കയറിയത് ജീവനക്കാരെ ഭയപ്പെടുത്തിയിരുന്നു. ഇതിനു മുൻപും പല തവണ ആശുപത്രിക്കുള്ളിലും പുറത്തും പാന്പ് ഭീഷണിയുണ്ടായിട്ടുണ്ട്.