തിരുവനന്തപുരം: കർഷകരെ സാമ്പത്തിക സാക്ഷരതയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മേഖല ഡയറക്ടർ എസ്.എം.എൻ. സ്വാമി. ആർബിഐ യുടെ സാന്പത്തിക സാക്ഷരതാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർഷകക്ഷേമം ലക്ഷ്യമിട്ടുള്ള ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ചോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ക്ഷേമ പദ്ധതികളെക്കുറിച്ചോ കർഷകർ കൂടുതലായി മനസിലാക്കുന്നില്ല. അതിനാലാണ് അവർ കൊള്ളപ്പലിശക്കാരുടെ പിടിയിലകപ്പെടുന്നത്.
കർഷകർ മാത്രമല്ല നൂറു ശതമാനം സാക്ഷരതയുള്ള മലയാളികൾക്കിടയിലും സാന്പത്തിക കാര്യങ്ങളെക്കുറിച്ച് മതിയായ അറിവില്ലാത്തവരാണേറെയും. അതുകൊണ്ടാണ് ഉയർന്ന വരുമാനം പ്രതീക്ഷിച്ച് വ്യാജ പരസ്യങ്ങൾ വിശ്വസിച്ച് പണമിരട്ടിപ്പിക്കൽ പോലെയുള്ള തട്ടിപ്പുകളിൽ പോയി വീഴുന്നത്. ഉന്നതവിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിൽ തട്ടിപ്പിനിരയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇത് മറികടക്കാൻ ബാങ്കുകൾ ജനങ്ങളെ സാന്പത്തിക കാര്യങ്ങളിൽ സാക്ഷരരാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വ്യാപകമായി സംഘടിപ്പിക്കണം.
സാന്പത്തിക സാക്ഷരതാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാൽ പുതിയ തലമുറയെ സാന്പത്തിക കാര്യങ്ങളിൽ ബോധവാന്മാരാക്കാൻ കഴിയും. നിലവിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ചില ബാങ്കുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണകരമാണെന്നാണ് തെളിയിക്കുന്നത്. ദാരിദ്ര്യനിർമാർജനം, സാന്പത്തിക സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രാദേശികതലത്തിലേക്കും കർഷകർക്കിടയിലേക്കും വായ്പകളെത്തിച്ചാൽ അത് ദാരിദ്ര്യം തുടച്ചു നീക്കുന്നതിന് പ്രേരണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർബിഐയുടെ മലയാളത്തിലുള്ള സാന്പത്തിക സാക്ഷരതാ പോസ്റ്ററുകളും ലഘുലേഖകളും അദ്ദേഹം ചടങ്ങിൽ പ്രകാശനം ചെയ്തു. എസ്ബിഐ ചീഫ് ജനറൽ മാനേജർ എം.എൽ . ദാസ്, എസ്എൽബിസി കേരള ഡപ്യൂട്ടി ജനറൽ മാനേജർ എൻ.കെ. കൃഷ്ണൻകുട്ടി, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പോൾ തോമസ്, നബാർഡ് ചീഫ് ജനറൽ മാനേജർ ആർ. ശ്രീനിവാസൻ, കേരള ഗ്രാമീണ ബാങ്ക് ചെയർമാൻ നാഗേഷ് വൈദ്യ തുടങ്ങിയവർ പ്രസംഗിച്ചു.