കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള അന്തിമ ഫലം പുറത്തു വന്നതോടെയാണ് ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
വടക്കൻപറവൂർ സ്വദേശിയും ഇടുക്കി തൊടുപുഴയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കോളജിലെ വിദ്യാർഥിയുമായ യുവാവിനാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. ഇന്നു രാവിലെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫലം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. യുവാവിനെ ചികിത്സിച്ച രണ്ട് നഴ്സുമാർ ഉൾപ്പെടെ നാലുപേർകൂടി നിലവിൽ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ യുവാവിന്റെ സുഹൃത്തുക്കളാണെന്നാണു വിവരം.
ഇതിൽ ഒരാളെ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവം ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. മറ്റുള്ളവരെ പ്രവേശിപ്പിക്കണമോയെന്നത് സംബന്ധിച്ച വിലയിരുത്തലുകൾ നടത്തിവരികയാണ്.
ഇന്നലെ മുതൽക്കേ വിദ്യാർഥിയെ പരിചരിച്ചിരുന്ന അമ്മ, അമ്മയുടെ സഹോദരി എന്നിവർ ഉൾപ്പെടെ 86 പേർ നിരീക്ഷണത്തിലാണ്. യുവാവ് പഠിച്ച കോളജിലെയും ഇതിനോടകം ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തിയിരുന്നവർ ഉൾപ്പെടെയുള്ളവരാണു നിരീക്ഷണത്തിലുള്ളത്.
ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും രോഗം പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.കെ. ശൈലജ കൊച്ചിയിൽ ക്യാന്പ് ചെയ്തുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള ഡോക്ടർമാർ അടങ്ങിയ ആറംഗസംഘം അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോഴിക്കോടുനിന്നും കൊച്ചിയിലെത്തിയിട്ടുണ്ട്. മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്കുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഇന്നു രാവിലെ വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ ബോധവൽകരണ പ്രവർത്തനങ്ങളും ഉൗർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ വടക്കൻ പരവൂരിലടക്കം കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതിനിടെ, ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ഐസൊലേഷൻ വാർഡിൽ തുടരുന്ന യുവാവ് ചെറിയതോതിൽ ഭക്ഷണം കഴിക്കുന്നുണ്ട്. കഴിഞ്ഞ 30 നാണു പനിയെത്തുടർന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടുതൽ രോഗബാധിതരെ കണ്ടെത്തിയാൽ ചികിത്സ നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ആവശ്യമെങ്കിൽ നാഷണൽ ഹെൽത്ത് മിഷന്റെ ജീവനക്കാരെയും വിനിയോഗിക്കും.
എറണാകുളം ഗവ. മെഡിക്കൽ കോളജിനു പുറമെ തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിലും ഐസൊലേഷൻ വാർഡ് ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം ആറ് പേരെ കിടത്തി ചികിത്സിക്കാനാകുന്ന വിധത്തിലാണ് ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങൾ. ആവശ്യമെങ്കിൽ സമീപ ജില്ലകളിലെ മെഡിക്കൽ കോളജുകളിലും ഇത്തരം വാർഡുകൾ തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തന്നതിനായി കോഴിക്കോട് ചെയ്ത പോലെ എല്ലാ ദിവസവും രണ്ട് തവണ ബന്ധപ്പെട്ടവരുടെ യോഗം ചേരും. രാവിലെയും വൈകിട്ടുമാണ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുക. രാവിലെയുള്ള യോഗത്തിൽ ഡ്യൂട്ടികൾ ഓരോരുത്തർക്കായി വേർതിരിച്ച് നൽകുകയാണ് ചെയ്യുക. അതിന്റെ വിലയിരുത്തലാണ് വൈകിട്ട് നടത്തുക.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 1077 (ടോൾ ഫ്രീ) എന്ന നന്പറിൽ എറണാകുളം കളക്ടറേറ്റ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഒരു വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ കണ്ടെത്തുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് സ്ഥിരീകരിച്ച നിപ്പ നിരവധിപേരുടെ ജീവൻ എടുത്തിരുന്നു.