അന്പലപ്പുഴ: മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ വീട് കയറി ആക്രമിച്ച കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പനച്ചിക്കൽ വീട്ടിൽ ടോമി (20) നെ ആണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. പുന്നപ്ര വലിയ തൈപറന്പിൽ വീട്ടിൽ ഹരിദാസിന്റെ വീടാണ് അഞ്ചംഗ സംഘം മദ്യലഹരിയിൽ കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഇവരുടെ ആക്രമണത്തിൽ ക്യാൻസർ രോഗിയായ വീട്ടമ്മയടക്കം നാല് പേർക്ക് പരിക്കേറ്റിരുന്നു.
ഹരിദാസ്, ഹരിദാസിന്റെ ഭാര്യ കാൻസർ രോഗികൂടിയായ ഉഷ, ഹരിദാസിന്റെ ജ്യേഷ്ഠപുത്രൻ വിനോദ്, അയൽവാസി ബിനു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അക്രമിസംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയത് ഹരിദാസിന്റെ മകൻ ഹരീഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വീടാക്രമിച്ചത്. പട്ടിക കഷണങ്ങളും വടികളുമായെത്തിയ സംഘം വീടിന്റെ ജനലുകൾ അടിച്ചു തകർത്തു.
ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹരിദാസിനെയും ഉഷയെയും വിനോദിനെയും മർദ്ദിച്ചത്. ഉഷയുടെ നെഞ്ചിലും ഇടതുകൈയിലും മർദ്ദനമേറ്റു. ബഹളം കേട്ട് അക്രമികളെ തടയാനെത്തിയ അയൽവാസി ബിനുവിനും മർദ്ദനമേറ്റു.
നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. മർദ്ദനമേറ്റവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവം സംബന്ധിച്ച് പുന്നപ്ര പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഒരാളെയാണ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്.