പെരുമ്പാവൂർ: ഒഡീഷയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അവരുടെ മകളെ ബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. ഒഡീഷ സ്വദേശി ബിജയകുമാർ ബെഹ്റ ( 20) യെയാണ് പെരുമ്പാവൂർ, ഒഡീഷ പോലീസ് സംയുക്തമായി അറസ്റ്റുചെയ്തത്. ഇയാൾ അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.
ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഈ പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിജയകുമാർ, കൂട്ടുകാരൻ വിക്കിയെയും കൂട്ടി പെൺകുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു .
പഴയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. ഇതു നിരസിച്ച പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് ബലാൽസംഗം ചെയ്തു. ഇത് തടയാൻ ചെന്ന അമ്മയെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിക്കിയെ പോലീസ് പിടികൂടി.
ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാറിനെ തേടി പോലീസ് പെരുമ്പാവൂരിലെത്തിയത്. ഡിവൈഎസ്പി ഹരിദാസിന്റെ നിർദേശപ്രകാരം എഎസ്ഐമാരായ ശിവപ്രസാദ് , രാജേന്ദ്രൻ, സിപിഒ പ്രജിത്ത് എന്നിവരാണ് ഒഡീഷ പോലീസിനൊപ്പം ചേർന്ന് പ്രതിയെ പിടികൂടിയത്.