കളമശേരി: ‘ഫുൾ ജാർ സോഡ’ തരംഗമായതോടെ കുട്ടി ഗ്ലാസുകൾക്ക് ഇരട്ടി വിലയായെന്ന പരാതിയിൽ വ്യാപാരികൾ. 20 രൂപ വരെയുണ്ടായിരുന്ന ചെറിയ ഗ്ലാസിന് 40 രൂപ മേടിക്കുന്നതായാണ് പരാതി.കുട്ടി ഗ്ലാസിൽ നിറച്ച മിശ്രിതം അതോടുകൂടി സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇട്ട് കുടിക്കുന്നതാണ് പുതിയ രീതി. നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഈ പുതുപാനീയത്തിന് ആവശ്യക്കാരേറെ വരുന്നതിനാൽ വ്യാപാരികളും തിരക്കേറിയ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഈ രംഗത്ത് കൂടുതലായെത്തുകയാണ്.
പക്ഷെ മിശ്രിതം ഇടാൻ ഉപയോഗിക്കുന്ന ചെറിയ ഗ്ലാസിന്റെ വില വർധിച്ചു കൊണ്ടിരിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുകയാണ്. വലിയ ഗ്ലാസിന് 12 രൂപയുള്ളപ്പോഴാണ് അതിലിടുന്ന ചെറിയ ഗ്ലാസിന് 40 രൂപയായിരിക്കുന്നത്.
അതേ സമയം ആവശ്യാനുസരണം ചെറിയ ഗ്ലാസുകൾ ലഭ്യമാക്കാനാകുന്നില്ലെന്നാണ് ചില്ല്ഗ്ലാസ് വിൽപ്പന കടക്കാർ പറയുന്നത്.
സാധാരണയായി ക്രിസ്മസ് പുതുവർഷക്കാലത്താണ് കുട്ടി ഗ്ലാസുകൾക്ക് ഡിമാൻഡ് ഉണ്ടാകാറ്. കേക്കിനൊപ്പം മുന്തിരി വൈൻ കഴിക്കാനാണ് ഗ്ലാസുകളുടെ വിൽപ്പന നടക്കാറുള്ളത്. ഓഫ് സീസനിൽ വിൽപ്പന നടക്കുന്നതിൽ ഈ മേഖലയിലെ വ്യാപാരികളും ഹാപ്പിയാണ്.