തൃശൂർ: കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗബാധിതൻ തൃശൂരിലുണ്ടായിരുന്ന പശ്ചാത്തലത്തിലും പ്രധാനമന്ത്രിയുടെ എട്ടാം തീയതിയിലെ കേരള സന്ദർശനം മാറ്റുമോ എന്ന് സംശയം. പകർച്ചവ്യാധികൾ ഉള്ള സ്ഥലങ്ങളിലേക്ക് പൊതുവെ വിഐപി സന്ദർശനങ്ങൾ ഒഴിവാക്കുന്നതാണ് പതിവ്.
എട്ടാം തീയതി ഗുരുവായൂർ സന്ദർശനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നിപ്പ ബാധിതൻ തൃശൂരിലും ഉണ്ടായിരുന്നുവെന്നതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സൂചനയുണ്ട്.
എന്നാൽ സംസ്ഥാനത്ത് ഭയപ്പെടാനുള്ള സ്ഥിതിയില്ലെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി സന്ദർശനം മാറ്റിവയ്ക്കില്ലെന്നാണ് ഡൽഹി വൃത്തങ്ങൾ നൽകുന്ന വിവരം. സന്ദർശനത്തിന് ഇനിയും ദിവസങ്ങൾ അവശേഷിക്കുന്നതുകൊണ്ടുതന്നെ രണ്ടു മൂന്നു ദിവസങ്ങൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ സന്ദർശനം മാറ്റണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.