കൊണ്ടോട്ടി: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കു ഈ വർഷം മുതൽ പുതിയ ഹജ്ജ് പോളിസി നടപ്പാക്കുന്നു. 2019-മുതൽ 2023 വരെ അഞ്ചു വർഷത്തേക്ക് തയാറാക്കിയ പോളിസി കഴിഞ്ഞ വർഷം നടപ്പാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് പഴയതു തന്നെ തുടരുകയായിരുന്നു.ഈ വർഷം മുതൽ സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ്് ക്വാട്ടയിൽ 10,000 സീറ്റുകളുടെ വർധനവുണ്ട്. ഹജ്ജ്് ക്വാട്ട 50,000 ആയി ഉയരും. സിവിൽ ഏവിയേഷന്റെ മാനദണ്ഡങ്ങൾ പാലിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്കാണ് ഇത്തവണയും ഹജ്ജ് സീറ്റുകൾ അനുവദിക്കുന്നത്. മൂന്നു കാറ്റഗറിയായാണ് ഇത്തവണ ക്വാട്ട വിതരണം ചെയ്യുന്നത്.
വണ്‍ സ്റ്റാർ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ മൂന്നായി തരം തരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏഴു വർഷവും അതിൽ കൂടുതലും ഹജ്ജ്് ലൈസൻസ് ലഭിച്ചവർ ഒന്നാം കാറ്റഗറിയായും അല്ലാത്ത ഗ്രൂപ്പുകളെ രണ്ടാം കാറ്റഗറിയായുമാണ് ക്വാട്ട വീതിച്ചിരുന്നത്. 12 വർഷം ഹജ്ജ്് -ഉംറ സർവീസ് നടത്തിയ പരിചയസന്പത്തും അഞ്ചു കോടി വാർഷിക വരുമാനവുമുള്ള ഗ്രൂപ്പുകളെയാണ് വണ്‍ സ്റ്റാർ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് 120 മുതൽ 150 വരെ സീറ്റുകൾ ലഭിക്കും.
ഏഴു വർഷത്തെ പരിചയസന്പത്തും മൂന്നു കോടി വരുമാനവുമുള്ളവരെ ഒന്നാം കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് 100-125 സീറ്റുകൾ ലഭിക്കും. ഏഴു വർഷത്തിനു ടൂർ ഓപ്പറേറ്റർമാരെയാണ് സെക്കൻഡ് കാറ്റഗറിയിലുളളത്. ഇവർക്ക് 55-60 വരെ സീറ്റുകളാണ് ലഭിക്കുക. കേസുകളും കുറ്റകൃത്യങ്ങളിലും പെട്ടവരുടെയും മതിയായ രേഖകൾ ഹാജരാക്കത്തവരുടെയും അപേക്ഷകൾ തള്ളി. സൗദി അറേബ്യ സർക്കാരിന്റെ നിയമങ്ങൾ പാലിച്ച് തീർഥാടകരെ എത്തിക്കുന്നവരാകണം.
ഈ വർഷം ആകെ 807 അപേക്ഷകളാണ് സ്വകാര്യ ഹജ്ജ്് ഗ്രൂപ്പുകളിൽ നിന്നുലഭിച്ചത്. ഇവയിൽ വണ്‍ സ്റ്റാർ കാറ്റഗറിയിൽ 117 ഗ്രൂപ്പുകളും ഒന്നാംകാറ്റഗറിയിൽ 195 ഗ്രൂപ്പുകളും രണ്ടാം കാറ്റഗറിയിൽ 394 ഗ്രൂപ്പുകളും അർഹത നേടിയിട്ടുണ്ട്. ഇവർക്കായിരിക്കും ഹജ്ജ്് ക്വാട്ട വീതിച്ചു നൽകുക. കേരളത്തിൽ നിന്നു കഴിഞ്ഞ വർഷം 99 ഗ്രൂപ്പുകൾ അപേക്ഷിച്ചിരുന്നെങ്കിലും 97 ഗ്രൂപ്പുകളാണ് യോഗ്യത നേടിയത്. നറുക്കെടുപ്പിലൂടെ 82 ഗ്രൂപ്പുകൾക്ക് ഹജ്ജ്് ക്വാട്ട ലഭിച്ചിരുന്നു.