കോഴിക്കോട്: കാലവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമവശേഷിക്കെ മഴക്കാല റോഡ് സുരക്ഷാ നിര്‍ദേശങ്ങളുമായി പോലീസ്. “ഓപ്പറേഷന് റെയിന്‍ബോ’ എന്ന പേരിലാണ് പോലീസ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശവുമായെത്തിയത്. കേരളത്തില്‍ പ്രതിദിനം നൂറോളം റോഡപകടങ്ങളിലായി 11 ഓളം പേര് നിത്യവും മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ . റോഡപകട മരണങ്ങള് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടിയായി പോലീസ് പ്രത്യേകം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പര്‍, ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍ എന്നിവ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍ബന്ധമായും പരിശോധിച്ച് ഉറപ്പുവരുത്തണം. ടയറുകള്‍ക്ക് ആവശ്യമായ ട്രെഡ് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും പഴയതും തേഞ്ഞതുമായ വൈപ്പര്‍ മാറ്റി സ്ഥാപിക്കുകയും വേണം. മലമ്പ്രദേശത്ത് ഓടുന്ന വാഹനങ്ങളില്‍ ഫോഗ് ലാമ്പ്, പുകമഞ്ഞില്‍ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം യാത്രു ആരംഭിക്കുക.
വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് പോലെയുളള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കുക. വാഹനം ഓടിയ്ക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അച്ചടി/ ദൃശ്യമാധ്യമങ്ങളിലൂടെയുളളകാലാവസ്ഥ മുന്നറിയിപ്പ് ശ്രദ്ധിക്കണം. നനവുളള നിരത്തില്‍ ബ്രേക്ക് ചെയ്താല്‍ വാഹനം നില്ക്കാന് കൂടുതല്‍ ദൂരം എടുക്കുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കുക. മഴയത്ത് അമിത വേഗതയും ഓവര്‍ടേക്കിംഗും ഒഴിവാക്കുക. ധൃതി പിടിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പെടാതെ മിതമായ വേഗത്തില്‍ ശ്രദ്ധിച്ച് ഓടിച്ച് സുരക്ഷിതമായി എത്തുക.
യാത്രയില്‍ മുന്നിലുളള വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് കാഴ്ച മറയ്ക്കുന്നരീതിയില്‍ വെളളം തെറിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ ലോറി, ട്രക്ക്, ബസ് എന്നിവയുടെ തൊട്ടു പിന്നാലെ വാഹനം ഓടിക്കരുത്. മഴയത്തും മഞ്ഞുവീഴ്ചയുളളപ്പോഴും ഹെഡ്ലൈറ്റ് ഉപയോഗിക്കുക. റോഡിന്റെ ദൂരകാഴ്ച കുറവാണെങ്കില്‍ വേഗത കുറയ്ക്കുക. ഇടിയും മിന്നലും ഉളളപ്പോള്‍ കഴിവതും വാഹനം ഓടിക്കാതിരിക്കുക.
വാഹനത്തില്‍ ആവശ്യമായ ഇന്ധനം കരുതുകയും കനത്ത മഴയത്ത് വാഹനം ഓടിക്കാതിരിക്കുകയുമാണ് വേണ്ടത്.
റോഡില്ആരെങ്കിലും അപകടത്തില്‍ പെട്ടാല്‍ അവരെ സഹായിക്കുക. ആബൂലന്‍സ്, അഗ്നിശമനസേന, പോലീസ് തുടങ്ങി ആത്യാവശ്യ നമ്പരുകള്‍ സ്പീഡ് ഡയലില്‍ ഉറപ്പാക്കുക. വെളളകെട്ടുളള റോഡിലൂടെ ഓടിക്കുമ്പോള്‍ വാഹനം തെന്നിമാറാതെ ശ്രദ്ധിക്കുക.കുട, മൂടിയുളള ഹെല്‍മറ്റ് , മഴക്കോട്ട് തുടങ്ങിയ സംരക്ഷണ ഉപകരണങ്ങള്‍ യാത്രയില്‍ കരുതുകയും വേണമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.