വടക്കഞ്ചേരി: കണിച്ചിപ്പരുതയ്ക്കടുത്ത് പാലക്കുഴി റോഡിനോടു ചേർന്ന കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സംഹാരതാണ്ഡവം. താന്നിച്ചുവട് കന്നിമേരി എസ്റ്റേറ്റിൽ കയറിയ ആനകൾ എഴുന്നിൽപരം വാഴകൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ പാലക്കുഴി ടാർ റോഡിൽ നിലയുറപ്പിച്ച ആനകൾ ഏറെനേരം യാത്രക്കാരെ വലച്ചു.
റോഡിൽ ആനയെ കണ്ട് പേടിച്ച് പലരും യാത്രക്കാരെ ഒഴിവാക്കി വീടുകളിലേക്ക് മടങ്ങി. ആനകൾ വഴിമുടക്കുന്നതുമൂലം പത്രവിതരണവും പാൽവിതരണവും തടസപ്പെടുകയാണ്. ചെറിയ കുട്ടികളും പിടിയാനയും കൊമ്പൻമാരുമായി പത്തും പതിനഞ്ചും എണ്ണംവരുന്ന കൂട്ടങ്ങളാണ് കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക വിളനാശം വരുത്തുന്നത്.
കന്നിമേരി എസ്റ്റേറ്റിൽ സ്ഥലം പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയാണ് കഴിഞ്ഞ രാത്രിയിൽ ആനകൾ നശിപ്പിച്ചത്. രജനീഷ് എന്നയാളാണ് ഇവിടെ പൂവൻ, ഏത്തവാഴ എന്നിങ്ങനെ ഇരുപതിനായിരം വാഴ കൃഷിചെയ്തിരുന്നത്. കുലവന്നതും കുലയ്ക്കാറായതുമായ വാഴകളായിരുന്നു ഇവയിൽ ഏറെയും.
വേനലിൽ നനച്ച് സംരക്ഷിച്ചുവന്ന വാഴകൾ വിളവെടുപ്പ് ആകുന്പോൾ എല്ലാം നശിക്കുന്നത് കർഷകർക്ക് വലിയ ആഘാതം ഏല്പിക്കും. ബാങ്കുകളിൽനിന്നും വായ്പയെടുത്താണ് രജനീഷ് വാഴകൃഷി നടത്തിയിട്ടുള്ളത്. ഇരുപതേക്കർ സ്ഥലത്തിന് 12 ലക്ഷം രൂപ പാട്ടതുക തന്നെയുണ്ട്. ഇതുപോലും നല്കാൻ കഴിയാത്ത സ്ഥിതിവരുമെന്നാണ് രജനീഷ് പറയുന്നത്.
വാഴകളുടെ ഉണ്ണിപിണ്ടി മാത്രമാണ് ആനകൾ തിന്നുന്നത്. വാഴക്കുല ഉൾപ്പെടെ ശേഷിച്ചതെല്ലാം വലിച്ചുകീറി പിഴുതെറിയും. ആനകൾ കൂട്ടത്തോടെ വിളകൾക്കിടയിലൂടെ നടന്നാൽ തന്നെ എല്ലാം നശിക്കും. രാത്രി മുഴുവൻ വിളകൾക്ക് കാവലിരിക്കുകയാണ് കർഷകർ. പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും കാവലിരിക്കുന്നതിനിടെ എപ്പോഴെങ്കിലും ഉറക്കത്തിലേക്ക് വീണുപോയാൽ അതിനിടെ ആനകൾ പാഞ്ഞെത്തുമെന്നാണ് രജനീഷ് പറയുന്നത്. സന്ധ്യമയങ്ങുന്നതോടെ പീച്ചി വനാതിർത്തിയിൽ ഉൗഴംകാത്ത് കാവൽ നില്ക്കുന്ന ആനകൾ പിന്നെ കൂട്ടത്തോടെ ആക്രമണത്തിനു തുനിയും.
മൂന്നാഴ്ചമുന്പ് ഇതിനടുത്തെ പൂതനക്കയത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വലിയതോതിലുള്ള കൃഷിനാശം ഉണ്ടാക്കിയിരുന്നു. കണിച്ചിപ്പരുത വചനഗിരിയിൽ അസീസി എഫ്സി കോണ്വന്റ് തോട്ടത്തിൽ കയറി അഞ്ഞൂറുവാഴകൾ നശിപ്പിച്ചു. തോട്ടത്തിനു ചുറ്റുമുള്ള കന്പിവേലി തകർത്താണ് ആനക്കൂട്ടം തോട്ടത്തിലെത്തിയത്. പനംകുറ്റിയിൽ ആനയൊഴിഞ്ഞ സമയമില്ല. ഇവിടങ്ങളിൽ കൃഷിയൊന്നും ശേഷിക്കാത്തതിനാലാണ് മറ്റിടങ്ങളിലേക്ക് ആനകൾ താവളം മാറ്റിയിട്ടുള്ളത്.
പാലക്കുഴി മലയിലും ആനശല്യം രൂക്ഷമായതിനു പുറമേ ആനകൾക്കൊപ്പം പുലി ഭീഷണിയുമുണ്ട്. നാലുദിവസംമുന്പു കിഴക്കഞ്ചേരി കോട്ടേക്കുളത്ത് പുലിയിറങ്ങി വളർത്തുനായയെ കൊന്നിരുന്നു. കാട്ടുപന്നി, മാൻ, കുരങ്ങ് തുടങ്ങി സ്ഥിരമായുള്ള കാട്ടുമൃഗശല്യത്തിനു പുറമേയാണ് ആനയും പുലിയും കൂടുതൽ ഉപദ്രവകാരികളാകുന്നത്.