ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി രാജ്യത്ത് ആകെ പൊടിച്ചത് 60,000 കോടി രൂപ. 2014 തെരഞ്ഞെടുപ്പിൽ 30,000 കോടിയായിരുന്നതാണ് ഇക്കുറി ഇരട്ടിയിലേക്ക് എത്തിയത്. ഡൽഹിയിലെ സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ചെലവഴിച്ച ആകെ തുകയുടെ 45 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലാണ്. 1998-ൽ വെറും 20 ശതമാനമായിരുന്നു ബിജെപിയുടെ ആകെ ചെലവിന്റെ വിഹിതം. അതേസമയം, 2009- ലോക്സഭാ തെഞ്ഞെടുപ്പിൽ ആകെ ചെലവിന്റെ 40 ശതമാനം കൈയടക്കിയ കോണ്‍ഗ്രസ് ഇക്കുറി വെറും 20 ശതമാനത്തിലേക്ക് താഴ്ന്നു.
ഒരു വോട്ടർക്ക് 700 രൂപ എന്ന നിലയിൽ ഒരു ലോക്സഭാ മണ്ഡലത്തിൽ ശരാശരി 100 കോടി രൂപ വരെ ഒഴുക്കിയിട്ടുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. പ്രചാരണം, യാത്രസൗകര്യങ്ങൾ, മറ്റു ചെലവുകൾ എന്നിവയ്ക്കു പുറമേ വോട്ടർമാർക്ക് കോഴ നൽകാനും സ്ഥാനാർഥികൾ പണം ചെലവാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ഏറ്റവുമധികം പണമൊഴുകിയത് വടകരയിലും തിരുവനന്തപുരത്തുമാണ് റിപ്പോർട്ട് പറയുന്നു. കർണാടകയിലെ മാണ്ഡ്യ, കലബുർഗി, ഷിമോഗ, ഉത്തർപ്രദേശിലെ അമേഠി, മഹാരാഷ്ട്രയിലെ ബാരാമതി എന്നിവയ്ക്കു പുറമെ തിരുവനന്തപുരത്തും 40 കോടിയിലേറെ പണം ചെലവഴിച്ചിട്ടുണ്ടെന്നാണു കണക്ക്.
ചില പ്രതിപക്ഷ പാർട്ടികൾക്ക് വിവിധയിടങ്ങളിൽനിന്ന് തെരഞ്ഞെടുപ്പിനായി അജ്ഞായ ഫണ്ടുകൾ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഉദാഹരണത്തിന്, ആന്ധ്രാപ്രദേശിൽ 1000 കോടി രൂപയാണ് ടിഡിപി ചെലവഴിച്ചത്. അതേസമയം, മുഖ്യപ്രതിപക്ഷമായിരുന്ന വൈഎസ്ആർ കോണ്‍ഗ്രസിന് 1000 കോടി രൂപ ടിആർഎസിൽനിന്നും 500 കോടി രൂപ ബിജെപിയിൽനിന്നും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.