തൃശൂർ: നീന്തൽ പരിശീലനം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും നീന്തൽക്കുളങ്ങൾ നിർമിയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാനത്തെ മൂന്നിടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തൽക്കുളങ്ങളും നിർമിയ്ക്കും.
ചെന്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകൾ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. ജനകീയ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുക.
ഈ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളും അനുബന്ധ വിദ്യാഭ്യാസ മേഖലകളും സന്പൂർണ ഹൈടെക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുന്നോടിയായി ഓണാവധിയ്ക്കു മുന്പ് ഒന്നു മുതൽ ഏഴുവരെ ക്ലാസുകൾ ഹൈടെക് ആകും. ആദ്യമായി സന്പൂർണ ഹൈടെക് വിദ്യാഭ്യാസ സംവിധാനം ഒരുക്കിയ സംസ്ഥാനമെന്ന പദവിയിലേക്കു നാം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.