മുംബൈ: റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റത്തിനും (ആർടിജിഎസ്) നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫറിനും (എൻഇഎഫ് ടി) ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കുകയാണെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകൾ അവരുടെ ഇടപാടുകാരിൽനിന്നു സ്വീകരിക്കുന്ന ചാർജുകളിലും കുറവ് വരുത്തണമെന്നും ഇതു സംബന്ധിച്ച നിർദേശം ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകൾക്കു നൽകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
ഓണ്‍ലൈൻ സാന്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനാണ് റിസർവ് ബാങ്കിന്റെ പുതിയ നടപടി. രണ്ടു ലക്ഷം വരെയുള്ള തുകയുടെ വിനിമയത്തിനാണ് എൻഇഎഫ് ടി. രണ്ടു ലക്ഷത്തിൽ കൂടിയ തുകയുടെ വിനിമയമാണ് ആർടിജിഎസിലൂടെ നടത്താറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഎെ എൻഇഎഫ് ടി ഇടപാടുകൾക്ക് ഒരു രൂപ മുതൽ അഞ്ചു രൂപവരെയും ആർടിജിഎസ് ഇടപാടുകൾക്ക് അഞ്ചുരൂപ മുതൽ 50 രൂപവരെയുമാണ് ചാർജ് ഈടാക്കുന്നത്.
എടിഎം മെഷീൻ ഉപയോഗത്തിനു ചാർജ് ഈടാക്കുന്ന നടപടി പരിശോധിക്കാൻ കമ്മിറ്റിയെയും റിസർവ് ബാങ്ക് നിയോഗിച്ചു. “രാജ്യത്ത് എടിഎം ഉപയോഗം അനുദിനം വർധിക്കുകയാണ്. എന്നാൽ, ഇതോടൊപ്പംതന്നെ എടിഎം ഇടപാടുകൾക്ക് ഏർപ്പെടുത്തുന്ന ചാർജ് പിൻവലിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.
ഈ വിഷയം പഠിക്കാനും ആവശ്യമായ റിപ്പോർട്ട് നൽകാനും ഇന്ത്യൻ ബാങ്ക് അസോസിയേഷൻ സിഇഒ ചെയർമാനായ കമ്മിറ്റിയെ നിയോഗിക്കുകയാണ്’’- റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിയോടു നിർദേശിച്ചിരിക്കുന്നത്. കമ്മിറ്റിയുടെ കാലാവധിയും ഘടനയും ഒരാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.