മങ്കൊന്പ് : മഴയാരംഭിച്ചതോടെ കാവാലത്തെ വഴിവിളക്കുകൾ പ്രവർത്തനരഹിതമായത് ജനങ്ങളെ ദുരിതത്തിലാക്കി. ലൈറ്റ്, അനുബന്ധ ഉപകരണമായ എൽഡിആർ സംവിധാനം എന്നിവയുടെ ഗുണനിലവാരമില്ലായ്മയും, കരാർ പ്രകാരം യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതുമാണ് പ്രശ്നങ്ങൾക്കു കാരണമായി പറയുന്നത്. കാവാലം കുന്നുമ്മ തട്ടാശേരി ജങ്കാർ കടവിലെ വഴിവിളക്കു പ്രകാശിക്കാതെയായിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും ഗ്രാമപഞ്ചായത്തോ, കരാറുകാരോ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ള മൂന്നു വർഷത്തെ കരാർ പ്രകാരം സ്ഥാപിച്ച വിളക്കുകളാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. രണ്ടു വർഷം മുൻപ് പാൽവെളിച്ചം പദ്ധതി പ്രകാരം 33 ലക്ഷം ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. 13 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ വാർഡൊന്നിന് ശരാശരി 30 ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ പ്രകാശിക്കുന്നില്ല. വേനൽ മഴ തുടങ്ങിയതോടെ ഇവയിൽ പകുതിയിലേറെ വിളക്കുകളും പ്രവർത്തനരഹിതമായി. തെളിയുന്ന ലൈറ്റുകളാകട്ടെ, പകലും പ്രകാശിക്കുകയാണ്.
ഇതോടെ പാൽവെളിച്ചം പദ്ധതി പകൽവെളിച്ചം പദ്ധതിയായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. രണ്ടു മാസം മുൻപ് തെളിയാത്ത വഴിവിളക്കുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടന്നിരുന്നു. എന്നാൽ ആഴ്ചകൾ തികയും മുന്പേ ഇവയും പണിമുടക്കി. ജങ്കാർ കടവിനു പുറമെ ഏറെ പ്രാധാന്യമുള്ള പലയിടങ്ങളിലും വഴിവിളക്കുകൾ കത്താതെയായി. ടെണ്ടർ നടപടികൾ ഇല്ലാതെയാണ് 33 ലക്ഷം രൂപയുടെ കരാർ നൽകിയതെന്നും ആക്ഷേപമുണ്ട്.
സർക്കാർ സംവിധാനങ്ങളുടെ കീഴിലുള്ള കന്പനികളുടെ ലൈറ്റുകളും അനുബന്ധ ഉൽപന്നങ്ങളും വാങ്ങുന്പോൾ ടെണ്ടർ വേണ്ടെന്ന നിയമവ്യവസ്ഥയുടെ ചുവടു പിടിച്ചാണ് ടെണ്ടർ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. 3700 ഓളം രൂപ വില വരുന്ന ലൈറ്റുകളാണ് ഇപ്പോൾ പണിമുടക്കിയിരിക്കുന്നത്. രണ്ടു മൂന്നു മാസങ്ങൾ മുൻപ് സ്വകാര്യ കന്പനിയുടെ ചെലവിൽ ഗ്രാമപഞ്ചായത്തിനു സൗജന്യമായി വഴിവിളക്കുകൾ സ്ഥാപിച്ചു നൽകിയിരുന്നു.
13.5 ലക്ഷം ഇതിനായി ചെലവഴിച്ചു. ഇത്തരത്തിൽ സ്ഥാപിച്ച വിളക്കുകൾ കുഴപ്പമില്ലാതെ പ്രകാശിക്കുന്നുണ്ട്. ജങ്കാർ കടവിലെ ലൈറ്റ് പ്രകാശിക്കാതായതോടെ രാത്രി കാലങ്ങളിൽ കടവിൽ വെളിച്ചമില്ലാതെ യാത്രക്കാർ ദുരിതത്തിലാണ്. സമീപത്തെ കച്ചവട സ്ഥാപനങ്ങൾ അടച്ചാൽ ജങ്കാറിലും, കടത്തുവളളത്തിലും കയറാൻ യാത്രക്കാർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ദൂരസ്ഥലങ്ങളിൽ ജോലിക്കായി ബസ് കയറാൻ പുലർച്ചെ എത്തുന്ന യാത്രക്കാരും ദുരിതത്തിലാണ്. കടത്തു തൊഴിലാളികളും യാത്രക്കാരും വിഷയം ഗ്രാമപഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടികൾ ഇനിയുമായിട്ടില്ല.