സ്വന്തം ലേഖകൻ
കൊച്ചി: നിരത്തുകളില്‍ വെടിയുണ്ട വേഗത്തില്‍ പായുകയും ഒറ്റക്കൈയിലും കൈവിട്ടും അഭ്യാസം നടത്തുന്നവര്‍ക്കു സമൂഹം ചാര്‍ത്തി നല്കിയ പേരാണ് ബൈക്ക് റൈഡർ. ഇവര്‍ ഒരു സംഘടനകൂടി രൂപീകരിച്ചാലുള്ള കാര്യം ആലോചിച്ചുനോക്കൂ. അതു സത്യമായും സംഭവിച്ചു.
പിസ്റ്റം ബ്രേക്കേഴ്സ് എന്നാണ് ഈ ബൈക്ക് റൈഡര്‍മാരുടെ കൂട്ടായ്മയുടെ പേര്. പക്ഷേ, സാധാരണ ബൈക്ക് റൈഡര്‍മാരില്‍ നിന്നും ഇവര്‍ വിത്യസ്തരാണെന്നുമാത്രം. മറ്റു യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കി നിരത്തുകളില്‍ പാഞ്ഞുപോകുന്നവരല്ല ഇവർ. അഭ്യാസങ്ങള്‍ക്കപ്പുറം മനുഷ്യസമൂഹത്തിലേക്ക് കണ്‍തുറന്ന് ബൈക്കോടിക്കുന്നവരാണ് .
ചുരുക്കിപറഞ്ഞാല്‍ നന്മ വറ്റാത്ത ഇരുചക്രയാത്രികര്‍. ജോ അലൻ ജിമ്മി, അജിൻ അനിയൻ, ജെയ്സൺ, അബിൻ റെജി എബ്രാഹം, ജോസ്ബിൻ റെജി, ബെസ്റ്റിൻ ബാബു ജോർജ്,അനൂപ് മാത്യു, ജിത്തു ജോൺ, കാർത്തിക് ജീസൺ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരാണ് ഇൗ കൂട്ടായ്മയിലുള്ളത്.
അപകടങ്ങളില്‍പ്പെടുന്നവര്‍ക്കും മറ്റും അത്യാവശ്യഘട്ടങ്ങളില്‍ രക്തദാനം നടത്തിയും ഇവര്‍ നന്മവറ്റാത്ത മനസുകള്‍ക്ക് ഉടമകളാകുന്നു. തീര്‍ന്നില്ല, ആരോഗ്യസംരക്ഷണവും പരിസ്ഥിതി ബോധവത്കരണവുമൊക്കെ ഈ ചെറുപ്പക്കാരുടെ യാത്രയിലെ ലക്ഷ്യമാണ്.
അടുത്തിടെ മൂവാറ്റുപുഴയില്‍ ഡിഫ്രന്റ്ലി ഏബിള്‍ ഐഡിയല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം സദസിന്റെ ഹൃദയം കവര്‍ന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശാരീക അവശത അനുഭവിക്കുന്ന നൂറോളംപേരെ അവര്‍ ഹാളിലെത്തിച്ചത് തോളിലേറ്റികൊണ്ടായിരുന്നു. വേദിയിലേക്ക് എത്തിച്ചതും എടുത്തുകൊണ്ടുതന്നെ.
പ്രതിഫലത്തിനോ ശ്രദ്ധപിടിച്ചുപറ്റാനോ ആയിരുന്നില്ല ആ പുണ്യം കര്‍മം ചെയ്തത്. അവശതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായും കൂടെയുണ്ടെന്നുമായിരുന്നു അവര്‍ ഓരോരുത്തരും ഓര്‍മിപ്പിച്ചത്. ആരുംപറയാതെതന്നെ അവസാനംവരെ അവര്‍ക്കൊപ്പം നിന്നു. എല്ലാവരേയും സുഗമമായി യാത്രയാക്കി പിന്നീട് ഓരോരുത്തരായി പിരിഞ്ഞു. വീണ്ടും കണ്ടുമുട്ടാമെന്ന വാക്കിൽ. അതാണ് പിസ്റ്റം ബ്രേക്കേഴ്സ്. ഇവിടംകൊണ്ടുതീരുന്നില്ല ഇവരുടെ യാത്രകൾ.
ഇന്നിന്റെ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് എന്ന വിപത്തിനെ ദൂരെയെറിയാനും ഇവര്‍ മുന്നിട്ടിറങ്ങി. അതിനായി മൂവാറ്റുപുഴയില്‍നിന്നും അതിര്ത്തിയുംതാണ്ടി ധനുഷ്ക്കോടിവരെ ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു. പെരുകുന്ന കാന്‍സര്‍ രോഗത്തെ ചെറുക്കാനും കാന്‍സര്‍വിമുക്ത കേരളത്തിനുമായി ബോധവത്കരണ റാലി നടത്തി. അതിനായി കോഴിക്കോടുവരെയായിരുന്നു യാത്ര.
പരിസ്ഥിതിയുടെ നിലനില്‍പ്പിനും അതിനെ നശിപ്പിക്കരുതെന്ന സന്ദേശവുമുയര്‍ത്തി വീണ്ടും യാത്രകൾ. ഇടയ്ക്ക് രക്തദാനം. ഇങ്ങനെ മനുഷ്യനന്മയുടെ മുഖങ്ങളായി കണ്ണീരൊപ്പിയും കൈത്താങ്ങായും കൂടെനിന്നും ഈ ചെറുപ്പക്കാര്‍ തങ്ങളുടെ ഇരുചക്രവാഹനങ്ങളില്‍ യാത്ര തുടരുകയാണ്. അതിനിടയ്ക്ക് തങ്ങളുടെ ഇഷ്ടവിനോദമായ റൈഡിംഗിനും നീണ്ട യാത്രകള്‍ക്കും മുടക്കംവരുത്തുന്നുമില്ല. പക്ഷേ എല്ലാ യാത്രയ്ക്കും അവര്‍ക്കൊരു ലക്ഷ്യമുണ്ടെന്നുമാത്രം.