തൃശൂർ: കുതിരാനിലെ തുരങ്കം തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനുമായി ചർച്ച നടത്തുമെന്നു നിയുക്ത എംപി ടി.എൻ. പ്രതാപൻ പറഞ്ഞു. അടുത്ത 17ന് എംപിയായി സത്യപ്രതിജ്ഞ നടത്തിയതിനുശേഷം ആദ്യ പരിഗണന നൽകുക ദേശീയപാതയുടെ വികസനവും കുതിരാനിലെ തുരങ്ക നിർമാണവും സംബന്ധിച്ചായിരിക്കും. പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതാപൻ.
പ്രളയകാലത്തു കുതിരാനിലെ ഒരു തുരങ്കത്തിലൂടെ വാഹനങ്ങൾ വിട്ടിരുന്നു. കൂടാതെ മന്ത്രി ജി.സുധാകരൻ കഴിഞ്ഞ മാർച്ചിൽ തുരങ്കം തുറന്നുകൊടുക്കുമെന്നു പറഞ്ഞിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല. അതിനാലാണ് മന്ത്രിയുമായി സംസാരിക്കാൻ തീരുമാനിച്ചത്. മഴയെത്തുന്നതിനുമുന്പ് ഇവിടത്തെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതിനാണ് അടിയന്തരമായി ചർച്ച നടത്തുന്നത്. എംപിയായി സത്യപ്രതിജ്ഞ കഴിഞ്ഞശേഷം ആദ്യമായി ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുമായും കേന്ദ്ര ഗതഗാത മന്ത്രിയുമായും ചർച്ച നടത്തും.
കേന്ദ്ര പദ്ധതികളുടെ കാലാവധി അനന്തമായി നീണ്ടുപോകുന്നതു സംബന്ധിച്ച് ചർച്ചകൾ നടത്തും. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ ചില ഉദ്യോഗസ്ഥർക്കുണ്ട്. അതിനി ഉണ്ടാവില്ല. നന്നായി ജോലി ചെയ്യുന്നവർക്കു പിന്തുണ നൽകും. പാർലമെന്റ് ജൂലൈ 26നുശേഷം കേരളത്തിലുള്ള വിവിധ കേന്ദ്ര പദ്ധതികളെ സംബന്ധിച്ചു ചർച്ചകൾ നടത്തും.
റെയിൽവേ വികസനത്തെക്കുറിച്ചും ചർച്ച നടത്തും. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന പാലിയേക്കരയിലെ ടോൾ ബൂത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടും. ഗുരുവായൂരിലെ റെയിൽവേ ഓവർബ്രിഡ്ജിന്റെ ആവശ്യകതയെക്കുറിച്ച് ഇവിടെയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിക്കും. കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെയും ആവശ്യം അറിയിക്കും.
മുസിരിസ് പൈതൃക പദ്ധതി പോലെ തൃശൂരിൽ കൾച്ചറൽ, പിൽഗ്രിം ആൻഡ് നേച്ചർ പദ്ധതിക്കായി ശ്രമിക്കും. പദ്ധതി തയാറാക്കി കേന്ദ്രത്തിനു സമർപ്പിക്കും. സാംസ്കാരിക കേന്ദ്രങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ, കോൾനിലങ്ങൾ, വനം, ജലാശയങ്ങൾ തുടങ്ങിയവ കൂട്ടിയിണക്കിയാണ് പദ്ധതിയുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇതു തന്റെ സ്വപ്ന പദ്ധതിയാണെന്നും പ്രതാപൻ പറഞ്ഞു.